രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി

ന്യൂഡല്‍ഹി: ഡോ. മന്‍മോഹന്‍ സിങ്ങിനെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം വഴിമാറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷനു സംഭാവനയായി നല്‍കിയെന്ന് ആരോപണുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. രേഖകള്‍ സഹിതം ട്വിറ്ററിലൂടെയാണ് നഡ്ഡയുടെ ആരോപണം.

സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഫൗണ്ടേഷനില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക, മന്‍മോഹന്‍ സിങ്, പി. ചിദംബരം എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍. മോദി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ചൈനയ്ക്കു കീഴടങ്ങുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് അഴിമതി ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയത്. ചൈനീസ് എംബസി രാജീവ് ഗാന്ധി ഫൗണ്ടേഷനു പണം നല്‍കിയെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ ആരോപിച്ചിരുന്നു.

ദുരിതത്തില്‍ പെടുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ (പിഎംഎന്‍ആര്‍എഫ്) നിന്നുള്ള പണം യുപിഎ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷനു നല്‍കിയെന്ന് നഡ്ഡ പറഞ്ഞു. പിഎംഎന്‍ആര്‍എഫ് ബോര്‍ഡിലുള്ള സോണിയാ ഗാന്ധി തന്നെയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ. യാതൊരു ധാര്‍മികതയും സുതാര്യതയും ഇല്ലാത്ത നടപടിയാണിതെന്നും നഡ്ഡ കുറ്റപ്പെടുത്തി.

1991-ല്‍ മന്‍മോഹന്‍ സിങ് നടത്തിയ ബജറ്റ് പ്രസംഗത്തിലെ 16ാം പേജിലെ 57ാം ഖണ്ഡിക പ്രകാരം നൂറു കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷനു നല്‍കി. പ്രതിവര്‍ഷം 20 കോടി രൂപ വച്ച് അഞ്ചു വര്‍ഷത്തേക്കാണു പണം നല്‍കിയതെന്നും ബിജെപി ആരോപിക്കുന്നു.

Top