ഗുജറാത്ത് തെരഞ്ഞെടുപ്പ്, ബി.ജെ.പിയുടെ പ്രചാരണം ഇന്ന് ആരംഭിക്കും

bjp

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും.

ദേശീയാധ്യക്ഷന്‍ അമിത് ഷാ ഇന്ന് സംസ്ഥാനത്ത് പര്യടനം നടത്തും. സാമുദായിക സംഘടനകള്‍ കോണ്‍ഗ്രസിനോട് ചേരാന്‍ സാധ്യത നില്‍ക്കുന്നതിനിടെ ഇവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പിയുടെ ശ്രമം.

ബി.ജെ.പിക്കെതിരെ ശക്തമായ നീക്കവുമായി കോണ്‍ഗ്രസ്സ് മുന്നേറുന്നതിനിടെയാണ് പ്രചാരണം ചൂടുപിടിപ്പിക്കാന്‍ അമിത്ഷായുമെത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയ ഇടങ്ങളിലെല്ലാം അമിത്ഷാ പര്യടനം നടത്തും.

ആദിവാസി-ദലിത് മേഖലകളിലാണ് പ്രധാനമായും അമിത്ഷാ ശ്രദ്ധകേന്ദ്രീകരിക്കുക. മധ്യഗുജറാത്തിലും തെക്കന്‍ മേഖലകളിലുമാണ് ഇന്ന് അമിത്ഷായുടെ പര്യടനം. ഇന്ന് മുതല്‍ 9 വരെ തെരഞ്ഞെടുപ്പ് റാലികളില്‍ അമിത്ഷാ പങ്കെടുക്കും.

ഇടഞ്ഞു നില്‍ക്കുന്ന ഗുജറാത്തിലെ ശക്തരായ പാട്ടിദാര്‍ സമുദായത്തെ സ്വാധീനിക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനിടെ ഒപ്പം നില്‍ക്കുന്നതിന് ബി.ജെ.പി ഒരു കോടി രൂപ വാഗ്ദാനം നല്‍കിയെന്ന പട്ടേല്‍ നേതാവ് നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

കൂടാതെ, ദലിത് മുന്നേറ്റ നേതാവ് ജിഗ്‌നേഷ് മേവാനി കഴിഞ്ഞദിവസം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Top