ഹൈദരാബാദ് തെരെഞ്ഞെടുപ്പ് പ്രചാരണം, പുതിയ നീക്കവുമായി ബിജെപി;കാണാമെന്ന് ഒവൈസി

ഹൈദരാബാദ് : ഹൈദരാബാദില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഹൈദരാബാദ് കോര്‍പറേഷനില്‍ ബിജെപി പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ റോഡ് ഷോയൊടെ ദേശീയ നേതാക്കളുടെ പ്രചാരണം ആരംഭിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പടെയുള്ളവര്‍ വരും ദിവസങ്ങളിലെ പ്രചാരണങ്ങളില്‍ പങ്കെടുക്കും.

എന്നാല്‍ ബിജെപിയുടെ പ്രചാരണങ്ങളെ ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി തള്ളി. ‘മോദി വന്ന് പ്രചാരണം നടത്തട്ടെ, കാര്യങ്ങള്‍ എങ്ങനെ ആകും എന്ന് നമുക്ക് കാണാം’ എന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് കോര്‍പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്. ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് ബിജെപി വലിയ പ്രാധാന്യമാണ് നൽകുന്നത്. ദേശീയ നേതാക്കളെ ഇറക്കി കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കാനാണ് ശ്രമം. പ്രത്യേക പ്രകടന പത്രിക അടക്കം ബിജെപി ഇന്നലെ പുറത്തിറക്കി. സൗജന്യ വൈദ്യുതിയും കോവിഡ് വാക്‌സിനും തൊഴിലും അടക്കമാണ് വാഗ്ദാനം.

ആദിത്യനാഥ് ,രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി തുടങ്ങിയവരും ഹൈദരാബാദില്‍ പ്രചാരണം നടത്തും. ഹൈദരാബാദ് കോര്‍പറേഷനില്‍ ഭരണത്തിലേറാനായാല്‍ ബിജെപിക്ക് തെലങ്കാനയില്‍ അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Top