ഒടുവിൽ മോദിയെ സാക്ഷാൽ യോഗാഗുരുവും കൈവിട്ടു, ഇന്ധന വില കുറക്കാൻ സമ്മർദ്ദം

Narendra Modi,Ramdev's Patanjali

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നിരാഹാര സമരം നടത്തി മോദിയെ പ്രധാനമന്ത്രിപദമേറ്റാന്‍ നിലമൊരുക്കിയ കോര്‍പ്പറേറ്റ് യോഗാഗുരു ബാബാ രാംദേവ് ഇടഞ്ഞതോടെ ഇന്ധന വില കുറക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍.

25,600 കോടി രൂപയിലേറെ ആസ്തിയുള്ള പതജ്ഞലി ആയുര്‍വേദ ലിമിറ്റഡിന് നേതൃത്വം നല്‍കുന്ന രാംദേവ് ഇന്ധനവില കുറച്ചില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മോദി അതിന്റെ ഫലം അനുഭവിക്കുമെന്നാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

എല്‍.കെ അധ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്ന ഘട്ടത്തില്‍ തീവ്ര ഹിന്ദുത്വം ഉയര്‍ത്തി അദ്വാനിയെ വെട്ടി ഗുജറാത്ത് മുഖ്യമന്ത്രിമായിരുന്ന മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ സംഘപരിവാറില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ബാബാ രാംദേവായിരുന്നു. അഴിമതിക്കെതിരെ സമരമെന്ന ആര്‍.എസ്.എസിന്റെ തീരുമാനപ്രകാരമായിരുന്നു അണ്ണാഹസാരെ ലോക്പാല്‍ ബില്ലിനായി നടത്തിയ നിരാഹാര സമരവും ഇതിനു പിന്നാലെ കള്ളപ്പണം തിരികെകൊണ്ടുവരാനുള്ള ബാബാ രാംദേവിന്റെ സമരവും.

ആര്‍.എസ്.എസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അണ്ണാഹസാരെയുടെ സമരത്തിന്റെ ഗുണഫലം അരവിന്ദ് കെജ്‌രിവാള്‍ കൊയ്തപ്പോള്‍ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടംകൊയ്യാന്‍ പരസ്യമായി സമരരംഗത്തിറങ്ങുകയായിരുന്നു ബാബാരാംദേവ്. തുടര്‍ന്ന് വര്‍ഗീയ കലാപത്തിനു ശ്രമിച്ചെന്നു പറഞ്ഞ് പാതിരാത്രിയില്‍ സമരപന്തലിലെത്തി ബാബാ രാദേവിനെ പിടികൂടി ഡല്‍ഹിയില്‍ നിന്നും നാടുകടത്തുകയായിരുന്നു ഡല്‍ഹി പൊലീസ്.

ബാബാ രാംദേവിന്റെ സമരം പൊളിഞ്ഞെങ്കിലും അഴിമതിയും കള്ളപ്പണവും തെരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാവുകയും കോണ്‍ഗ്രസ് നിലംപരിശാവുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ഹിന്ദി ബെല്‍റ്റിലും ബി.ജെ.പിക്കുവേണ്ടി രാംദേവ് പ്രചരണത്തിനിറങ്ങിയിരുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ കാര്യമായ സ്വാധീനമില്ലാതിരുന്ന മോദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ ബാബാ രാംദേവിന്റെ തന്ത്രവും നിര്‍ണായകഘടകമായി.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ് വിജയിച്ചത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ധന വില വര്‍ധന പിന്‍വലിക്കുന്നത് കോണ്‍ഗ്രസ് സമരത്തിന് കീഴടങ്ങലാകുമെന്ന നിലപാടായിരുന്നു മോദിക്കും ബി.ജെ.പി നേതൃത്വത്തിനും. എന്നാല്‍ ഒപ്പം നില്‍ക്കുന്ന ബാബാ രാംദേവടക്കം ഇടഞ്ഞതോടെ മാറിചിന്തിക്കുകയാണ് മോദിയും അമിത്ഷായും. ഇന്ധനവില വര്‍ധനവ് കുറക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്ന അമിത്ഷായുടെ മലക്കം മറിച്ചിലും ബാബാ രാംദേവിനെ അനുനയിപ്പിക്കാനാണ്.

Top