പത്രിക സമര്‍പ്പിക്കേണ്ട ദിവസം നാളെ തീരും ; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാവാതെ ബിജെപി

SREEDHARAN-AND-KUMMANAM

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം നാളെ അവസാനിക്കാനിരിക്കേ ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്ന കുമ്മനം രാജശേഖരന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, വിവി രാജേഷ് എന്നിവരുടെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.

കോന്നിയില്‍ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനമായില്ല. സുരേന്ദ്രന്‍ മത്സരിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരിലൊരാളെ അവിടെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടിയ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്റെ കെ മുരളീധരനാണ്. 7622 വോട്ടുകളായിരുന്നു 2016-ല്‍ കെ മുരളീധരന്റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് കുമ്മനമായിരുന്നു. അന്ന്, സിപിഎമ്മിനായി മത്സരിച്ച ടി എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

Top