ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ പുതുച്ചേരി മുഖ്യമന്ത്രി രാജിവെയ്ക്കണം; ബി.ജെ.പി

നാപത്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി ഉടന്‍ തന്നെ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് വി നമശിവായം. മുന്‍പ് കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന നമശ്ശിവായമാണ് ജനുവരി 25 ന് സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതേസമയം, സഖ്യ പാര്‍ട്ടികളുടെ യോഗം ഉടന്‍ ചേരുമെന്ന് നമശ്ശിവായം അറിയിച്ചു.

എന്നാല്‍ രാജിവെക്കില്ലെന്ന് ഉറച്ച നിലപാടെടുത്തിട്ടുണ്ട് വി.നാരയണസ്വാമി. തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് പുതുച്ചേരി മുഖ്യമന്ത്രി.  രാഹുല്‍ ഗാന്ധി വരുന്നതോടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാഹുല്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. രാഹുലിന്റെ പരിപാടി കഴിയുന്നതുവരെ രാജിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ അതിനുശേഷം സ്ഥിതി മാറിമറയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം, നാല് എം.എല്‍.എമാരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.  ഇതില്‍ രണ്ടുപേര്‍ ഇതിനോടകം ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു. ഇന്നലെ രാജിവെച്ച ജോണ്‍കുമാര്‍ ഉടന്‍തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. രണ്ട് എം.എല്‍.എമാര്‍ കൂടി ഉടന്‍ കോണ്‍ഗ്രസ് വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പുതുച്ചേരിയില്‍ എത്തും. ബി.ജെപി പുതുച്ചേരിയില്‍ നടത്തുന്ന തരംതാണ രാഷ്ട്രീയം ജനങ്ങള്‍ മറക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

 

 

Top