നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി; ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിന്റ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരിനെ തുറന്നു കാണിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ നവാബ് മാലിക് രാജി വക്കേണ്ടതില്ല എന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും തമ്മില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു.

8 ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച നവാബ് മാലികിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡി കാലത്ത് മരുന്നുകള്‍ കൂടെ വക്കാനും, വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാനും മുംബൈ സെഷന്‍സ് കോടതി നവാബ് മാലിക്കിന് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഏഴരയോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം നവാബ് മാലികിന്റെ വസതിയിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് എട്ടരയോടെ അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നവാബ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഈ ആഴ്ച മുംബൈയില്‍ നടന്ന റെയിഡുകളില്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിരവധിപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നവാബ് മാലിക്കുമായി ബന്ധപ്പെട്ട ഒരു സ്ഥലം ഇടപാട് നടന്നതായി വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കഴിഞ്ഞ നിരവധി മാസങ്ങളായി ബിജെപി നേതാക്കളുമായി വാക്പോരില്‍ ഏര്‍പ്പെട്ടിരുന്നു നവാബ് മാലിക്. എന്‍ഫോഴ്സുമെന്റുമായി ബന്ധപ്പെട്ട ബിജെപി കേസുകളില്‍ പരസ്യമായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫട്നാവിനസുമായി പോലും നേരിട്ട് ഏറ്റുമുട്ടുന്ന നിലയുണ്ടായി. തുടര്‍ന്നാണ് അദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നും ശ്രദ്ധേയം. രാഷ്ട്രീയ പകപോക്കലാണ് ഉണ്ടായിരിക്കുന്നതെന്ന് എന്‍സിപിയും ആരോപിച്ചു.

 

 

 

 

 

Top