വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാനെത്തിയില്ല; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി

ഹൈദരാബാദ്: സമത്വപ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിന് വേണ്ടി ഹൈദരാബാദില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അപമാനിച്ചെന്ന് പരാതി. സംസ്ഥാന ബി ജെ പി ഘടകമാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന് വേണ്ടിയോ ഇന്ന് നടന്ന വിവിധ പരിപാടികളിലോ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പങ്കെടുത്തിരുന്നില്ല. പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണ്.

എന്നാല്‍ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ എത്താതിരുന്നത് പ്രധാനമന്ത്രിയെ അപമാനിച്ചതിന് തുല്ല്യമാണെന്ന് ബി ജെ പിയുടെ തെലങ്കാന ഘടകം ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിക്ക് കടുത്ത പനിയായതിനാലാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്താതിരുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോദിക്കെതിരെ കടുത്ത ഭാഷയില്‍ ചന്ദ്രശേഖര്‍ റാവു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മോദിയെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി വസ്ത്രം മാറുന്ന മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ച റാവു ഏറെ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന് പുറംമോടി മാത്രമേയുള്ളുവെന്നും അകം വെറും പൊള്ളയാണെന്നും ആരോപിച്ചിരുന്നു.

ഇത്രയേറെ ആരോപണങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്ക് ശേഷം റാവു പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തുമോ എന്ന് പലര്‍ക്കും നേരത്തെതന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ മോദിയെ വിമര്‍ശിച്ചത് രാഷ്ട്രീയപരമായി വ്യത്യസ്ഥ കാഴ്ചപ്പാടുള്ളതിനാലാണെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ എത്തുമെന്നും ഇന്നലെ റാവു മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റാവു പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതിരുന്നത്.

Top