ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബിജെപി ഭീതി പരത്തുന്നു; ഇത് ബംഗാളില്‍ അനുവദിക്കില്ലെന്ന് മമത

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബിജെപി ഭീതി പരത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നത് ബംഗാളില്‍ എന്നല്ല മറ്റൊരിടത്തും ഉണ്ടാകില്ലെന്നും അസമില്‍ മാത്രമാണ് പ്രാവര്‍ത്തികമാക്കുക എന്നും മമത ഉറപ്പ് നല്‍കി.

‘ആറുമരണങ്ങള്‍ക്ക് വഴി തെളിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ബംഗാളില്‍ ഭയം സൃഷ്ടിക്കുന്നതില്‍ ബിജെപി ലജ്ജിക്കണം. എന്നെ വിശ്വസിക്കൂ. ഇത് ഞാന്‍ ബംഗാളില്‍ അനുവദിക്കില്ല’- മമത പറഞ്ഞു.

ആഗ്‌സറ്റ് 31ന് പ്രസിദ്ധീകരിച്ച അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ 3 കോടി 11 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ടപ്പോള്‍ 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു.

അര്‍ഹരായ നിരവധിപ്പേര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്നും നിരവധി ഹിന്ദുക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന വ്യാപക പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് അസമിലെ ഒരു വിഭാഗം ബി.ജെ.പി നേതാക്കളും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയൊട്ടാകെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

”എന്‍ആര്‍സി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ പൗരന്മാരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കും. അമേരിക്കയിലോ ഇംഗ്ലണ്ടിലോ റഷ്യയിലോ ഒരു ഇന്ത്യാക്കാരന് പോയി നിയമവിരുദ്ധമായി താമസിക്കാന്‍ സാധിക്കുമോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് മറ്റ് രാജ്യക്കാര്‍ ഇന്ത്യയില്‍ നിയമപരമായ രേഖകളില്ലാതെ ജീവിക്കുന്നത്? അതുകൊണ്ട് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.

Top