മൂവായിരം കിലോ ‘ചോറും കിച്ചടിയും’; അമിത് ഷായുടെ റാലിയില്‍ റെക്കോര്‍ഡിന് ഒരുങ്ങി ബിജെപി

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭീം മഹാസംഘം വിജയ് സങ്കല്‍പ് റാലിയില്‍ ചോറും കിച്ചടിയും തയ്യാറാക്കി ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍. ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന റാലിയോട് അനുബന്ധിച്ച് 3,000 കിലോ കിച്ചടിയാണ് പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.

ലോക റെക്കോര്‍ഡ് ഉന്നം വച്ചുകൊണ്ടുള്ള കിച്ചടിയാണ് ഞായറാഴ്ച തയ്യാറാക്കുന്നത്. ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിത്തിലെ ദളിത് വീടുകളില്‍നിന്ന് ശേഖരിച്ച അരിയും പയറും കിച്ചടിക്കൊപ്പം തയ്യാറാക്കുന്നുണ്ട്. പാകം ചെയ്ത വിഭവങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യും. ദില്ലിയില്‍ ദളിത് സമുദായത്തിന് വേണ്ടി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനത്തെ കുറിച്ച് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിക്കും.

മോദി പരാജിതനാണെന്നും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല മാത്രമല്ല രാജ്യത്തെ ദളിതരുടെ ഉന്നമനത്തിനായി വേണ്ടത്ര പരിശ്രമങ്ങള്‍ നടത്തുന്നില്ലെന്നുമുള്ള കോണ്‍ഗ്രസിന്റെ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് റാലിയോടുകൂടി പരിഹാരം കാണുമെന്നാണ് ബിജെപി കരുതുന്നത്. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ മോദി ഉപേക്ഷിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

ഇതിനു മുന്‍പ് 2017ല്‍ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂര്‍ 918 കിലോ കിച്ചടി തയ്യാറാക്കി ലോക റെക്കോര്‍ഡ് നേടിയിരുന്നു. ന്യൂഡല്‍ഹിയിലെ തന്നെ ഭക്ഷ്യ മന്ത്രാലയം സംഘടിപ്പിച്ച ‘വേള്‍ഡ് ഫുഡ് ഇന്ത്യ’ എന്ന പരിപാടിയിലായിരുന്നു സഞ്ജീവ് കപൂര്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

Top