51 രാജ്യസഭാ എംപിമാര്‍ ഏപ്രിലില്‍ വിരമിക്കും; നേട്ടം കൊയ്യാന്‍ ബിജെപിയും, കോണ്‍ഗ്രസും!

പ്രില്‍ അവസാനത്തോടെ രാജ്യസഭയിലെ 51 അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നതിന്റെ നേട്ടം കൊയ്യാന്‍ ഒരുങ്ങി ബിജെപിയും, കോണ്‍ഗ്രസും. 245 അംഗ സഭയില്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ ഭൂരിപക്ഷവും ഈ പാര്‍ട്ടികള്‍ കൈയടക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും ഇവരുടെ ശക്തി ചെറിയ തോതില്‍ ഇടിയുകയും ചെയ്യും.

തൃണമൂല്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരാണ് രാജ്യസഭയിലെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ അവസരം തേടുന്നത്. എന്നാല്‍ രാജ്യസഭയിലെ കണക്കിലെ കളി ബിജെപിക്ക് ഇക്കുറി തലവേദന സൃഷ്ടിക്കില്ല. ബിജെപിയ്ക്ക് സ്വന്തമായോ, എന്‍ഡിഎയ്‌ക്കൊ രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. എന്നിട്ടും രാജ്യസഭയില്‍ സുപ്രധാന നിയമങ്ങള്‍ സസുഖം പാസാക്കി. ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയ്ക്കാണ് ബിജെപി നന്ദി പറയേണ്ടത്.

സഭയില്‍ 82 അംഗങ്ങളുള്ള ബിജെപിക്ക് 13 അംഗങ്ങളെ കൂടി പുതിയതായി ലഭിക്കും. പുറത്തുപോകുന്ന 51 പേരില്‍ 18 പേര്‍ ബിജെപി അംഗങ്ങളാണ്. ഒഡീഷയില്‍ നിന്നുള്ള മൂന്ന് ഒഴിവുകളില്‍ രണ്ട് സീറ്റുകളില്‍ ബിജെഡിയും, ഒരു സീറ്റില്‍ ബിജെപിയും വിജയിക്കുമെന്നാണ് കരുതുന്നത്. ആന്ധ്ര പ്രദേശില്‍ ഏപ്രിലില്‍ ഒഴിവ് വരുന്ന നാല് സീറ്റും വൈഎസ്ആറിന് നേടാം.

ഹിമാചല്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നാണ് ഓരോ സീറ്റ് വീതം ബിജെപി ചേര്‍ക്കുക. 46 അംഗങ്ങളുള്ള കോണ്‍ഗ്രസിന് 10 അംഗങ്ങളെ സഭയില്‍ പുതുതായി എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 11 അംഗങ്ങളാണ് ഇവരുടേതായി വിരമിക്കുന്നത്.

Top