എം.പിയുടെ കാലു കഴുകി വെള്ളം കുടിച്ച സംഭവം; വിമര്‍ശനവുമായി കപില്‍ സിബല്‍

kapil-sibal

ന്യൂഡല്‍ഹി: എംപി നിഷികാന്ത് ദുബെയുടെ കാലു കഴുകിയ വെള്ളം ബിജെപി പ്രവര്‍ത്തകര്‍ കുടിച്ച സംഭവത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്.

തന്റെ കാല് പാര്‍ട്ടി പ്രവര്‍ത്തകന്‍ കഴുകി വെള്ളം കുടിച്ച സംഭവത്തില്‍ ന്യായീകരണവുമായി ദുബെ രംഗത്തെത്തിയതിനു പിന്നാലെയാണ് സിബല്‍ പ്രതികരണവുമായി എത്തിയത്. കാലുകഴുകി വെള്ളം കുടിച്ചത് തന്നോടുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌നേഹമാണ് കാണിക്കുന്നതെന്നാണ് ദുബെ പറഞ്ഞത്.

എന്നാല്‍ മോദിയുടെ കാലു കഴുകിയ വെള്ളം ദുബെ കുടിക്കുമോ അങ്ങനെ ചെയ്യാതിരുന്നാല്‍ മോദിയെ സ്‌നേഹിക്കുന്നില്ലെന്നല്ലേ അര്‍ത്ഥമെന്ന് കപില്‍ സിബല്‍ ചോദിച്ചു. ജാര്‍ഖണ്ഡിലെ ഗോഡ്ഡ എംപിയായ നിഷികാന്ത് ദുബെ തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകന്‍ ദുബെയുടെ കാലു കഴുകിയ വെള്ളം കുടിച്ചത്.

സംഭവം ചിത്രീകരിച്ച് നിഷികാന്ത് ദുബെ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ എംപി പിന്നീടിത് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു.

Top