സഖ്യസർക്കാരിനെ അസ്ഥിരപ്പെടുത്തരുതെന്ന നിർദേശം ലഭിച്ചു: ബി.എസ് യെദ്യൂരപ്പ

ബംഗളുരു: കര്‍ണാടക സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തരുതെന്ന നിര്‍ദേശം ഡല്‍ഹിയില്‍ നിന്നും ലഭിച്ചതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.

ഡല്‍ഹിയില്‍ നിന്നും താന്‍ തിരിച്ചെത്തിയതേയുള്ളെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ ഏതെങ്കിലും നീക്കത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഉപദേശിച്ചിട്ടുണ്ടെന്നും സമയം വരുവോളം കാത്തിരിക്കുക എന്നതാണ് ആവശ്യമെന്നും കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും പരസ്പരം ഏറ്റുമുട്ടുകയും എന്തെങ്കിലും സംഭവിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ അനുനയിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഇനിയും സമവായമായില്ല. മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന കാര്യം ഒരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാരും നേതാക്കളും നിര്‍ദേശിച്ചപ്പോള്‍ സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ നിലവിലെ ഒഴിവ് നികത്തിയുള്ള വിപുലീകരണം മതിയെന്ന നിലപാട് എടുത്തതോടെ പ്രശ്‌ന പരിഹാരം നീണ്ടുപോയിരുന്നു.

തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈകമാന്‍ഡിന് വിടുകയും ചെയ്തു. മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും.

Top