കോടികള്‍ പൊടിക്കുന്ന കാര്യത്തിലും അവര്‍ പരസ്പരം പോരടിക്കുന്നു . . .

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സമ്പത്തിന്റെ കാര്യത്തിലും പോരാട്ടം പൊടിപൊടിക്കുന്നു. വോട്ട് തേടിയുള്ള പ്രചരണത്തിന് പണമൊഴുക്കുന്ന കാര്യത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മത്സരിക്കുന്നത്. ആകാശ യുദ്ധത്തില്‍ മേല്‍ക്കോയ്മ നേടിയിരിക്കുന്നത് ബി.ജെ.പിയാണ്. 12 ജെറ്റ് വിമാനങ്ങളും 20 ഹെലികോപ്റ്ററുകളുമാണ് ബി.ജെ.പി വാടകക്ക് എടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സിനാവട്ടെ 10 ഹെലികോപ്റ്ററുകളും 4 വിമാനങ്ങളുമാണുള്ളത്.

വളരെ ചിലവേറിയ ആകാശ പോരാട്ടത്തിന് ചിലവ് എത്രയായാലും പ്രശ്‌നമല്ലെന്ന നിലപാടിലാണ് ഈ സമ്പന്ന പാര്‍ട്ടികള്‍. കോര്‍പ്പറേറ്റുകളില്‍ നിന്നടക്കം വന്‍ സാമ്പത്തിക സഹായങ്ങളാണ് ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ലഭിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യത കണക്കാക്കി കോടികളാണ് കേന്ദ്രഫണ്ടില്‍ നിന്നും ബി.ജെ.പി, കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ നല്‍കുന്നത്. ഇപ്പോള്‍ ഹിഡന്‍ ക്യാമറയില്‍ കുടുങ്ങിയ കോഴിക്കോട് എം.പി എം.കെ രാഘവന്‍ തന്നെ ഹൈക്കമാന്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ കോടികളുടെ കണക്ക് പറഞ്ഞത് കേട്ട് കണ്ണു തള്ളിയിരിക്കുകയാണ് ജനങ്ങള്‍.

മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസ്സിലേക്കും പണമൊഴുക്കിന് വഴി ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഒറ്റക്ക് അധികാരത്തില്‍ വന്നില്ലങ്കിലും മതേതര കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ വരുമെന്ന പ്രതീതിയാണ് പാര്‍ട്ടി നേതൃത്വം ബിസിനസ്സുകാര്‍ക്കിടയില്‍ നല്‍കിയിരിക്കുന്നത്. കേന്ദ്രത്തില്‍ നിര്‍ണ്ണായക ശക്തിയാവുമെന്ന് അവകാശപ്പെടുന്ന മായാവതിയും, മമത ബാനര്‍ജിയും, ശരദ് പവാറുമൊക്കെ കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടവരാണ്. ആന്ധ്രയിലെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ്, തെലങ്കാനയിലെ ടി.ആര്‍.എസ്, തമിഴകത്ത് ഡി.എം.കെ, ബീഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു എന്നീ പാര്‍ട്ടികള്‍ക്കും വലിയ രൂപത്തില്‍ കോര്‍പ്പറേറ്റു സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി വാടകയ്‌ക്കെടുത്ത സെസ്സ്‌ന സിറ്റേഷന്‍ എക്‌സ് എല്‍ എസ് വിമാനത്തിന് 2.8 ലക്ഷമാണ് ഒരു മണിക്കൂറിന് വാടക. ഫാല്‍ക്കണ്‍ 4000 വിമാനത്തിന് 4 ലക്ഷം രൂപയും. ഹെലികോപ്റ്ററുകളായ ബെല്‍ 412, അഗസ്റ്റ 109, അഗസ്റ്റ 139 എന്നിവയ്ക്ക് മണിക്കൂറിന് 1.8 ലക്ഷം മുതല്‍ 4 ലക്ഷം വരെയും നല്‍കണം. കോണ്‍ഗ്രസ് ഉപയോഗിക്കുന്ന സെസ്സ്‌ന സിറ്റേഷന്‍ ജെറ്റ്-2 ന് 1.8 ലക്ഷമാണ് വാടക. ഇത് കൂടാതെ സെസ്സ്‌ന സിറ്റേഷന്‍ എക്‌സ്എല്‍ , ഫാല്‍ക്കണ്‍ 4000 എന്നീ വിമാനങ്ങളും ഉപയോഗിക്കുണ്ട്. 1 ലക്ഷം മുതല്‍ 1.3 ലക്ഷം വരെ വാടകയുള്ള ഒറ്റ എന്‍ജിന്‍ കോപ്റ്ററുകളാണ് കോണ്‍ഗ്രസ് കൂടുതലും ഉപയോഗിക്കുന്നത്.

2014ല്‍ കോണ്‍ഗ്രസും മറ്റ് കക്ഷികളുമാണ് കൂടുതല്‍ വിമാനങ്ങളും കോപ്റ്റുകളും വാടകയ്‌ക്കെടുത്തിരുന്നത്. എന്നാല്‍, ഇത്തവണ കോടികള്‍ വാരിയെറിഞ്ഞ് ബിജെപിയാണ് ആകാശപ്രചാരണത്തില്‍ മുമ്പില്‍. കേന്ദ്ര ഭരണ കക്ഷിയെന്ന ‘ആനുകൂല്യ’മാണ് ഈ ധാരാളിത്തത്തിന് പിന്നില്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത് ബിജെപിയെന്ന് ഫെയ്‌സ്ബുക്കും ഗൂഗിളും പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഗൂഗിളില്‍ രണ്ടുമാസത്തിനുള്ളില്‍ ചെലവാക്കിയ പണത്തില്‍ 32 ശതമാനവും ബിജെപിയുടേതാണ്. 1.21 കോടി ചെലവിട്ട് 554 പരസ്യങ്ങളാണ് ബിജെപി നല്‍കിയത്. രണ്ടാംസ്ഥാനത്ത് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസാണ്, 1.04 കോടി. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ചെലവിട്ടത് 85.25 ലക്ഷം. കോണ്‍ഗ്രസ് ചെലവിട്ടത് 54,100 രൂപ. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പരസ്യം വന്നത് ആന്ധ്രപ്രദേശില്‍ നിന്നാണ്, 1.73 കോടി രൂപ.

ഫെയ്‌സ്ബുക്കില്‍ 7.75 കോടി രൂപയാണ് ബിജെപി ചെലവാക്കിയത്. തൊട്ടുപിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശവും. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി 4.19 ലക്ഷം രൂപ ചെലവാക്കി. കോണ്‍ഗ്രസ് ഇതുവരെ ചെലവിട്ടത് 5.91 ലക്ഷം രൂപയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ബിജെപി 7.75 കോടി രൂപ ചെലവിട്ടത്. ഇതിനുപുറമേ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മന്‍ കി ബാത് പരിപാടിയുടെ പരസ്യത്തിന് 2.23 കോടി രൂപയും. ബിജെപിയുടെ സ്വന്തം പേരില്‍ ഫെയ്‌സ്ബുക്കില്‍ ചെലവാക്കിയത് 37.74 ലക്ഷം രൂപയുമാണ്. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോഡി എന്ന പ്രചാരണപരിപാടിയുടെ പേരില്‍മാത്രം ബിജെപി ഫെയ്‌സ്ബുക്കിന് നല്‍കിയത് 1.05 കോടിയാണ്. നേഷന്‍ വിത്ത് നമോ എന്ന പേരില്‍ ചെലവാക്കിയതാകട്ടെ, 59.15 ലക്ഷം രൂപയും.

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയകക്ഷികളും ഏജന്‍സികളും പരസ്യങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആകെ 10,32,24,794 രൂപയാണ് ചെലവാക്കിയത്. ഇതില്‍ ഫെബ്രുവരി 19 മുതല്‍ മാത്രം ചെലവാക്കിയത് 3,76,16,400 രൂപയാണ്. രണ്ടുമാസത്തിനുള്ളില്‍ 51,810 പരസ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ നല്‍കിയിരിക്കുന്നത്.

അധികാരം നിലനിര്‍ത്താന്‍ ആവനാഴിയിലെ സകല ആയുധങ്ങളും ബി.ജെ.പി പുറത്തെടുക്കുമ്പോള്‍ ജീവന്‍മരണ പോരാട്ടത്തിലാണ് കോണ്‍ഗ്രസ്സ്. ഇത്തവണ ഇല്ലെങ്കില്‍ ഇനി ഒരിക്കലും ഇല്ല എന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്.

ബി.ജെ.പിക്ക് വീണ്ടും അവസരം ലഭിച്ചാല്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര ഉള്‍പ്പെടെയുള്ളവര്‍ അകത്താകുമെന്ന് കോണ്‍ഗ്രസ്സ് ഭയപ്പെടുന്നുണ്ട്. രണ്ടില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും അത് പകപോക്കല്‍ രാഷ്ട്രീയമായി മാറുമെന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകരും മറച്ചു വെയ്ക്കുന്നില്ല.

ഏത് പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാലും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കുക എന്നതാണ് കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം. ഏത് മുന്നണിയാണ് അധികാരത്തില്‍ എത്തുക?, ഓരോ സംസ്ഥാനങ്ങളിലെയും വിജയ സാധ്യത ആര്‍ക്കൊക്കെ? എന്നറിയാന്‍ വന്‍ കോര്‍പ്പറേറ്റു കമ്പനികള്‍ സ്വകാര്യ സര്‍വേകള്‍ പോലും നടത്തിയിട്ടുണ്ട്. ഈ സര്‍വ്വേ പ്രകാരമാണ് പാര്‍ട്ടികള്‍ക്ക് നല്‍കേണ്ട തുക എത്രയെന്ന് നിശ്ചയിച്ചുവെന്നാണ് വിവരം.

എന്‍.ഡി.എ വന്നാലും യു.പി.എ വന്നാലും സാമ്പത്തിക നയങ്ങളില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന ഇടതുപക്ഷ വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ് സമ്പന്നരുടെ ഈ കച്ചവട താല്‍പ്പര്യങ്ങള്‍. അതേസമയം, സാധാരണക്കാരില്‍ നിന്നും സംഭാവന സ്വീകരിച്ച് തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മുന്നില്‍ സി.പി.എമ്മാണ് എന്നതും ശ്രദ്ധേയമാണ്.

പണം ഒഴുകുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വങ്ങളോട് മാതൃകയാക്കാന്‍ ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നതും ഒരു മുന്‍ സി.പി.എം ജനപ്രതിനിധിയെയാണ്. ബീഹാറിലെ പൂര്‍ണ്ണിയ മണ്ഡലത്തില്‍ ദീര്‍ഘകാലം എം.എല്‍.എ ആയിരുന്ന അജിത് സര്‍ക്കാറാണ് ആ മാതൃകാപുരുഷന്‍.

ഗ്രാമങ്ങളില്‍ മണ്‍കുടങ്ങള്‍ സ്ഥാപിച്ച് അതിലൂടെ ഒരു രൂപ നാണയങ്ങള്‍ സംഭാവനയായി ശേഖരിച്ചാണ് അജിത് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പട്ടിണി പാവങ്ങളെ സ്വന്തം ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ജന നേതാവായിരുന്നു ഈ കമ്യൂണിസ്റ്റ്. മാഫിയ വാഴുന്ന സംസ്ഥാനത്ത് ഗുണ്ടാ തലവന്‍ പപ്പു യാഥവിന്റെ വെടിയേറ്റാണ് അജിത്ത് സര്‍ക്കാര്‍ കൊല്ലപ്പെട്ടത്. മരിക്കുമ്പോള്‍ 107 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തിരുന്നത്. 1980 മുതല്‍ തുടര്‍ച്ചയായി 4 തവണയാണ് പുര്‍ണിയ മണ്ഡലത്തില്‍ നിന്നും സി.പി.എം പ്രതിനിധിയായി അജിത് സര്‍ക്കാര്‍ നിയമസഭയിലെത്തിയത്.

Top