ബിജെപി കോണ്‍ഗ്രസ് സംഘര്‍ഷം; മാധ്യമ പ്രവർത്തകർകടക്കം പരിക്ക്

അഗര്‍ത്തല: കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകനടക്കം നിരവധി പേര്‍ക്ക് പരിക്ക്. അഗര്‍ത്തലയിലെ തെളിയാമുരയിലാണ് സംഭവം. സംഭവത്തില്‍ പ്രതികരിച്ച സ്ഥലത്തെ ബിജെപി എംഎല്‍എ കല്ല്യാണി റോയ് സിപിഎമ്മും കോണ്‍ഗ്രസുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി.

അതേസമയം കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും ആക്രമണം ചെറുക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത്. ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത്.

തര്‍ക്കം പിന്നീട് കയ്യാംകളിയിലേക്ക് കടക്കുകയായിരുന്നെന്നും പ്രദേശവാസികള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി. പിന്നീട്, ഒരു മാധ്യമ പ്രവര്‍ത്തകനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ധിച്ചതായി ആരോപണം ഉയരുന്നുണ്ട്.

സംഭവം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങവെയാണ് മാധ്യമ പ്രവര്‍ത്തകന് മര്‍ദനമേറ്റത്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിജെപിക്കാരുടെ മാധ്യമ പ്രവര്‍ത്തകനാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും പ്രദേശ വാസികള്‍ അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

 

Top