ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

ഡൽഹി: ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളും പൂർത്തിയായാൽ രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരാൻ ബിജെപി പ്രതിജ്ഞാബദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു ജനസംഘം കാലം മുതൽ ജനങ്ങൾക്കു നൽകിയിട്ടുള്ള വാഗ്ദാനമാണെന്ന് അമിത് ഷാ പറഞ്ഞു.

ബിജെപി മാത്രമല്ല, ഭരണഘടനാ അസംബ്ലിയും ഇക്കാര്യത്തിൽ നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് ഏക സിവിൽ കോഡ് നടപ്പാക്കാൻ പാർലമെന്റ് നടപടിയെടുക്കണമെന്നാണ് ഭരണഘടനാ അസംബ്ലി നിർദേശിച്ചത്. മതേതര രാജ്യത്തെ നിയമങ്ങൾ മതാടിസ്ഥാനത്തിൽ ആവരുത് എന്നതാണ് അതിന്റെ യുക്തിയെന്ന് അമിത് ഷാ പറഞ്ഞു.

രാജ്യം മതേതരമായിരിക്കുമ്പോൾ നിയമങ്ങൾ എങ്ങനെ മതാടിസ്ഥാനത്തിലാവുമെന്ന് അമിത് ഷാ ചോദിച്ചു. ഏതു മതത്തിൽ വിശ്വസിക്കുന്നവർ ആയാലും പാർലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കുന്ന നിയമങ്ങൾ ബാധകമാവണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

ഇപ്പോൾ ബിജെപി അല്ലാതെ ഒരു പാർട്ടിയും ഏക സിവിൽ കോഡിനെക്കുറിച്ചു പറയുന്നില്ല. ഭരണഘടനാ അസംബ്ലിയുടെ നിർദേശങ്ങൾ വിസ്മരിക്കപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

Top