രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി 500 കോടി പിരിച്ചെടുത്തു

മുംബൈ: രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി 500 കോടി പിരിച്ചെടുത്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ സച്ചിന്‍ സാവന്താണ് ആരോപണവുമായി രംഗത്തെത്തിയത്.

രാജസ്ഥാനിലെ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ മഹാരാഷ്ട്രയിലെ വ്യവസായികളില്‍നിന്നും കെട്ടിടനിര്‍മ്മാതാക്കളില്‍നിന്നും പണപ്പിരിവ് നടത്തിയെന്നാണ് പ്രധാന ആരോപണം.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ആദായനികുതി വകുപ്പിനെയും സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെയും ഉപയോഗിക്കുകയാണ്. വന്‍തോതില്‍ പണം ഒഴുക്കുകയും ചെയ്യുന്നു.കര്‍ണാടകത്തിലെ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നിലും ഇത്തരം നീക്കങ്ങളാണെന്നും സച്ചിന്‍ സാവന്ത് ആരോപിച്ചു.

കര്‍ണാടക എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലില്‍ പോലീസ് കസ്റ്റഡിയിലാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍പ്പിച്ചിരുന്നത്. മുതിര്‍ന്ന ബിജെപി മന്ത്രിയുടെ വീട്ടില്‍ നടന്ന യോഗങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Top