പൗരത്വ നിയമ ഭേദഗതി, ബിജെപിയില്‍ വിള്ളല്‍; മുസ്ലിംങ്ങളെ ഒഴിവാക്കുന്നത് എന്തിന്: ചന്ദ്രകുമാര്‍ ബോസ്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപിയില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. നിയമത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

നിയമ ഭേദഗതിയില്‍ നിന്ന് എന്തുകൊണ്ട് മുസ്ലിംങ്ങളെ ഒഴിവാക്കുന്നുവെന്ന് ചന്ദ്രകുമാര്‍ ബോസ് ചോദിച്ചു. നടപടികള്‍ സുതാര്യമാകണം. ഇന്ത്യ എല്ലാ മതങ്ങള്‍ക്കുള്ള ഇടമെന്നും ചന്ദ്രകുമാര്‍ ട്വീറ്റ് ചെയ്തു.

അതേസമയം പൗരത്വ ഭേദഗതി നിയമവും പൗരത്വപട്ടികയും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും നടപ്പാക്കേണ്ടതില്ലെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയത്. പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടുള്ള ആയിരങ്ങളാണ് ഗോവയില്‍ ജീവിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ക്ക് ഭിതിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് പോലെ ഗോവക്കാര്‍ക്ക് നിലവില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടുള്ളവര്‍ക്ക് അത് മാറ്റാന്‍ നിയമപരമായ നടപടിക്രമങ്ങളുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും മാത്രമല്ല ഇപ്പോള്‍ ബിജെപിക്കകത്ത് നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ അയവ് വരുത്തുമോ എന്ന കാര്യമാണ് ഇനി കണ്ടറിയേണ്ടത്.

Top