രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി. പരസ്യ പ്രചാരണം അവസാനിക്കാന്‍ നാല് ദിനം മാത്രം ശേഷിക്കേയാണ് ബിജെപിയുടെ വെല്ലുവിളി. 56ലധികം സീറ്റുകള്‍ നേടിയാല്‍ അശോക് ഗലോട്ടിനെ നമസ്‌ക്കരിക്കുമെന്ന് രാജസ്ഥാന്റെ പ്രചാരണ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.

രണ്ടായിരത്തി പതിമൂന്നിലെ 163 സീറ്റെന്ന റെക്കോര്‍ഡ് ഇക്കുറി മറികടക്കുമെന്നാണ് അവസാന ഘട്ടമെത്തുമ്പോള്‍ ബിജെപിയുടെ ആത്മവിശ്വാസം. ഒടുവില്‍ പുറത്ത് വന്ന അഭിപ്രായ സര്‍വേകള്‍ രാജസ്ഥാനില്‍ ഭരണ മാറ്റം പ്രവചിക്കുന്നു.സുരക്ഷിതമാണെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേയുടെയും പ്രവചനം. സംസ്ഥാന നേതൃത്വത്തെ നിര്‍വീര്യമാക്കും വിധം മോദി അമിത് ഷാ ദ്വയങ്ങളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് പ്രചാരണം. താമരയാണ് മുഖമെന്ന് പറഞ്ഞ മോദി തന്നെ പിന്നീട് മുഖമായ കാഴ്ചയാണ് പ്രചാരണത്തിലെവിടെയും കാണാനാകുക. കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ മുതല്‍ അയോധ്യയിലെ രാമക്ഷേത്രം വരെ വിഷയങ്ങളാണ്.

വിമത നീക്കം നടത്തുന്നവര്‍, അത് എത്ര വലിയവരായാലും പാര്‍ട്ടിയിലുണ്ടാകില്ലെന്ന മുന്നറിയിപ്പ് വസുന്ധരയെ ഉന്നമിട്ടും നല്‍കിയിരിക്കുകയാണ്. വസുന്ധര പാര്‍ട്ടിയോട് പൂര്‍ണ്ണമായും സഹകരിക്കുന്നുവെന്നാണ് അവരുടെ നിസഹകരണത്തിനിടയിലും ബിജെപിയുടെ അവകാശവാദം.അതേ സമയം രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി, ഭാരതീയ ആദിവാസി പാര്‍ട്ടി, ഭരതീയ ട്രൈബല്‍ പാര്‍ട്ടി, ബിഎസ്പി, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയടക്കം 78 ചെറുകക്ഷികളാണ് ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയുയര്‍ത്തി മത്സര രംഗത്തുള്ളത്.

ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ വോട്ടുബാങ്കാകുന്ന മണ്ഡലങ്ങളില്‍ 93 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ 20 ശതമാനത്തോളം വോട്ടുകള്‍ ഇവര്‍ നേടുന്നു. പ്രമുഖ ജാട്ട് നേതാവായ ഹനുമാന്‍ ബനിവാളിന്റെ ആര്‍എല്‍പി ഇക്കുറി 81 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. 185 സ്ഥാനാര്‍ത്ഥികളെ മായാവതിയും ഇറക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഇന്ത്യ സഖ്യ നീക്കങ്ങളെ തല്‍ക്കാലം സിപിഎമ്മും മറന്നിരിക്കുകയാണ്.

Top