നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 3 സംസ്ഥാനങ്ങളിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പുറത്ത്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ മൂന്നിലും ബിജെപി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. രാജസ്ഥാനിലും ഛത്തിസ്ഗഢിലും മധ്യപ്രദേശിലുമാണ് പട്ടിക പുറത്തിറക്കിയത്.

രാജസ്ഥാനിൽ 41 അംഗ പട്ടിക ആണ് പുറത്തിറക്കിയത്. ഇവിടെ 7 എംപിമാർ ജനവിധി തേടും. ദിവ്യ കുമാരി, നരേന്ദ്ര കുമാർ, ബാബ ബാലക്‌നാഥ്, കിരോഡി ലാൽ മീണ, ഭഗീരഥ് ചൗധരി, ദേവ്ജി പട്ടേൽ, രാജ്‌വർധൻ സിംഗ് റാത്തോഡ് എന്നിവരാണ് മത്സരരംഗത്ത്. പട്ടികയിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പേരില്ല.

ഛത്തീസ്ഗഡ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ 64 പേരാണുള്ളത്. എംപിയും സംസ്ഥാന അധ്യക്ഷനുമായ അരുൺ സാവു ഇത്തവണ മത്സരരംഗത്തുണ്ട്. മുൻ മുഖ്യമന്ത്രി രമൺ സിംഗ് രാജ്‌നന്ദഗാവിൽ നിന്ന് വീണ്ടും ജനവിധി തേടും. രേണുക സിംഗ്, ഗോമതി സായ്, അരുൺ സാവു എന്നീ എംപിമാരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

മധ്യപദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബുധ്‌നിയിൽ ജനവിധി തേടും. ബിജെപിയുടെ മധ്യപ്രദേശിലെ മൂന്നാം ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണ് പ്രഖ്യാപനം. അന്തിമ സ്ഥാനാർഥിപ്പട്ടിക പൂർത്തിയാക്കാനുള്ള ശ്രമങ്ങളുമായി അതിവേഗമാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പ് പ്രചരണപരിപാടികളുടെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.

Top