തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജര്‍ രവി, ആലത്തൂര്‍ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപി മത്സരിക്കുന്ന 16 മണ്ഡലങ്ങളില്‍ 12 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കാസര്‍കോട്- എം എല്‍ അശ്വിനി, കണ്ണൂര്‍ – സി രഘുനാഥ്, വടകര – പ്രഫുല്‍ കൃഷ്ണ, കോഴിക്കോട് – എം ടി രമേശ്, മലപ്പുറം – അബ്ദുല്‍ സലാം, പൊന്നാനി – നിവേദിത സുബ്രമണ്യം, പാലക്കാട് – സി കൃഷ്ണകുമാര്‍, തൃശൂര്‍ – സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട – അനില്‍ ആന്റണി, ആറ്റിങ്ങല്‍ – വി മുരളീധരന്‍, തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. മോദി ഗ്യാരന്റിയും കഴിഞ്ഞ പത്തു വര്‍ഷം ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനവുമൊക്കെയാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചരണത്തിലെ ഹൈലൈറ്റ്.
പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ച് കണക്കുകള്‍ നിരത്തി കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തിലോ തിരുവനന്തപുരത്തോ കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ സംബന്ധിച്ച് ചോദിച്ചതോടെ ഉത്തരം മുട്ടി, മറുപടിയില്ലാതെ പരുങ്ങലിലായി. പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ കണക്കുകള്‍ നിരത്തി യുപിഎ സര്‍ക്കാരിനെയും മോദി സര്‍ക്കാരിനെയും താരതമ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യം വളര്‍ച്ചയുടെയും നേട്ടങ്ങളുടെയും നെറുകയിലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിമാരായ രണ്ട് സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്തുവെന്ന ചോദ്യം എല്‍ ഡി എഫും യുഡിഎഫും പ്രചരണ രംഗത്ത് സജീവമായി ഉന്നയിക്കുന്നുണ്ട്.