യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞോടിച്ച് നാട്ടുകാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത ജനരോഷം. പടിഞ്ഞാറന്‍ യുപിയിലെ ഗ്രാമങ്ങളില്‍ നാട്ടുകാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വ്യൂഹത്തിനുനേരെ കരിങ്കൊടി ഉയര്‍ത്തുകയും കല്ലും മണ്ണുമെറിഞ്ഞ് ഓടിക്കുകയും ചെയ്തു. മുദ്രാവാക്യങ്ങളുമായാണ് നാട്ടുകാര്‍ നേതാക്കളെ നേരിട്ടത്.

പടിഞ്ഞാറന്‍ യു.പിയിലെ ചൂര്‍ ഗ്രാമത്തിലാണ് സംഭവം. ശിവാല്‍ഖാസിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മനീന്ദര്‍പാല്‍ സിങ്ങിനുനേരെയായിരുന്നു നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ മനീന്ദര്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും 85ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൂറില്‍ വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് ഒരുസംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്ഥാനാര്‍ത്ഥിയെ അനുഗമിച്ച ഏഴ് കാറുകള്‍ കല്ലേറില്‍ തകര്‍ന്നതായി മനീന്ദര്‍പാല്‍ സിങ് ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും നാട്ടുകാര്‍ നമ്മുടെ ആളുകളാണെന്നും ഇവര്‍ക്ക് മാപ്പുനല്‍കുന്നുവെന്നും മനീന്ദര്‍പാല്‍ സണ്‍ഡേ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ജനാധിപത്യത്തില്‍ വോട്ട് ചോദിച്ചുവരുന്നവരെ ഇത്തരത്തില്‍ നേരിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞയാളുടെ കൈയില്‍ രാഷ്ട്രീയ ലോക്ദളിന്റെ(ആര്‍.എല്‍.ഡി) പതാകയുണ്ടായിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. വീഡിയോ ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സര്‍ധാന പൊലീസ് മേധാവി ലക്ഷ്മണ്‍ വര്‍മ പ്രതികരിച്ചു.

Top