വംശഹത്യക്കുള്ള ആഹ്വാനമെന്ന് ബിജെപി; തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിവാദത്തില്‍

ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിവാദത്തില്‍. സനാതന ധര്‍മം, മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമര്‍ശമാണ് വിവാദത്തിലായത്. ശനിയാഴ്ച ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയില്‍ ഇരുത്തിയായിരുന്നു എം കെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് കായികമന്ത്രിയുമായ ഉദയനിധി നടത്തിയ ഈ പ്രഭാഷണം ആണ് വിവാദമാകുന്നത്.

ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകള്‍ ബിജെപി ആയുധമാകുന്നത്. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിര്‍ക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു.

പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ജാതിയുടെ പേരില്‍ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

Top