ആ അപകടത്തിന് പിന്നാലെ സിദ്ധാർത്ഥയും, ബി.ജെ.പിയും കേന്ദ്രവും പ്രതിരോധത്തിൽ

കപ്പോക്കല്‍ രാഷ്ട്രീയം ബി.ജെ.പി കളിച്ചാല്‍, അവരെ കാത്തിരിക്കുന്നതും മഹാദുരന്തമായിരിക്കും. മോദിയുടെ വണ്‍ മാന്‍ ഷോ കൊണ്ടൊന്നും എക്കാലത്തും രാജ്യം ഭരിക്കാന്‍ ബി.ജെ.പിക്ക് കഴിയുകയില്ല. രാജ്യത്തെ ഞെട്ടിച്ച രണ്ട് സംഭവങ്ങളിലാണ് ബി.ജെ.പി ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ബലാത്സംഗ കേസിലെ ഇരയെ കൊല്ലാന്‍ ശ്രമിച്ച വാഹന അപകടമാണ് ഒരു സംഭവം. മറ്റൊന്ന് കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയാണ്.

യു.പിയിലെ ഉന്നാവോ പീഢന കേസിലെ പ്രതിക്ക് നേരെ നടന്നത് ആസൂത്രിതമായ കൊലപാതക ശ്രമമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തടവിലിരുന്ന ബി.ജെ.പി എം.എല്‍.എ ‘കാലന്റെ പണിയാണ് എടുത്തതെന്ന’ ആക്ഷേപം ശരിവയ്ക്കുന്നതാണിത്.

കാറിലിടിച്ച ട്രക്ക് ഒരു മന്ത്രിയുടെ മരുമകന്റെയാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. ജയിലിലിരുന്നും എം.എല്‍.എ പെണ്‍കുട്ടിയെ നിരീക്ഷിച്ചിരുന്നതായ വിവരവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പൊലീസുകാര്‍ ഒപ്പം പോകാതെ ഒറ്റിക്കൊടുത്തു എന്നത് എഫ്.ഐ.ആറിലും വ്യക്തമാണ്.

രാജ്യത്തെ മന:സാക്ഷിയെ പിടിച്ചുലച്ച പീഢന കേസില്‍ പ്രതിയെ രാഷ്ട്രീയമായി സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചിരുന്നത്. 2017 ല്‍ നടന്ന പീഢന സംഭവത്തില്‍ എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്ന് പോലും ഇപ്പോഴാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരിക്കുന്നത്. അതും ട്രക്ക് ഇടിപ്പിച്ച സംഭവത്തിന് ശേഷം മാത്രമാണ് നേതൃത്വം തുറന്ന് പറഞ്ഞിരിക്കുന്നത്.

പീഡനം കേസ് ഉണ്ടായപ്പോള്‍ തന്നെ എം.എല്‍.എയെ സസ്‌പെന്റ് ചെയ്തിരുന്നെന്നും മാധ്യമങ്ങള്‍ ചോദിക്കാത്തത് കൊണ്ട് പറഞ്ഞില്ലന്നുമുള്ള വിചിത്ര വാദവും ബി.ജെപി നിരത്തുന്നുന്നുണ്ട്.

പരിഹാസ്യമായ നിലപാടാണിത്. എം.എല്‍.എയെ മുന്‍പ് തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കില്‍ അത് ആദ്യം അറിയിക്കേണ്ടിയിരുന്നത് പൊതു സമൂഹത്തെയാണ്. ഇവിടെ അത് ഉണ്ടായിട്ടില്ല. ഉന്നാവോ രാജ്യത്തിന്റെ കണ്ണീരാണ്. ഇപ്പോള്‍ ആ കണ്ണീരിലേക്കാണ് ട്രക്ക് ഇടിച്ച് കാപാലികര്‍ ചോര ചിതറിച്ചിരിക്കുന്നത്.ഈ അപകടത്തില്‍ പ്രധാന സാക്ഷിയടക്കം രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററില്‍ തുടരുകയുമാണ്.

പീഢിപ്പിച്ചിട്ടും കലി തീരാത്തവര്‍ ഇപ്പോള്‍ കൊലപാതക പരമ്പരയാണ് നടത്തുന്നത്. പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിലേറ്റ പരിക്കിനെ തുടര്‍ന്നാണ് മരിച്ചത്. ഈ സംഭവത്തിലെ സാക്ഷിയും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ഇപ്പോഴുണ്ടായ ട്രക്ക് ആക്രമണത്തില്‍ രണ്ട് സ്ത്രീകളും മരണപ്പെട്ടു കഴിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ജീവനു വേണ്ടി പിടയുകയാണ്. പെണ്‍കുട്ടിയുടെ അമ്മാവന്‍ ജയിലിലടക്കപ്പെട്ടിരിക്കുകയാണ്. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു എന്നാണ് ആരോപണം.

ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഇതെല്ലാം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണസി മണ്ഡലം ഉള്‍പ്പെടുന്ന യുപിയില്‍ ജനങ്ങളിപ്പോള്‍ വലിയ ഭീതിയിലാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പോലും ഭയപ്പെടുന്ന അവസ്ഥ. അതി ദയനീയമാണ് ഇവിടുത്തെ അവസ്ഥ.

വൈകിയാണെങ്കിലും ശക്തമായ ഇടപെടല്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് മാത്രമാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത്. കോടതിയുടെ സജീവമായ ഇടപെടല്‍ ഉന്നാവോ കേസുകളില്‍ ഉണ്ടാവുമെന്ന വ്യക്തമായ സന്ദേശം നല്‍കുന്ന നടപടിയാണിത്. സത്യസന്ധമായ അന്വേഷണത്തിലൂടെ ദുരൂഹത മുഴുവന്‍ പുറത്ത് വരുമെന്ന് ഇനി പ്രതീക്ഷിക്കാവുന്നതാണ്.

യു.പിയില്‍ നടുക്കുന്ന സംഭവത്തിനൊപ്പം തന്നെയാണ് കര്‍ണ്ണാടകയിലെ കണ്ണീരും ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് പിന്നില്‍ രാഷ്ട്രീയ കളികളും പക പോക്കലും ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ബി.ജെ.പിയുടെ കണ്ണിലെ കരടായ ഡി.കെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസ്സ് നേതാവിന്റെ അടുത്ത സുഹൃത്താണ് സിദ്ധാര്‍ത്ഥ. ഈ ആത്മബന്ധത്തിനോട് എതിരാളികള്‍ നടത്തിയ പകപോക്കല്‍ സിദ്ധാര്‍ത്ഥയുടെ പതനത്തിന് കാരണമായതായാണ് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും സിദ്ധാര്‍ത്ഥിന്റെ ഭാര്യാപിതാവുമായ എസ്.എം.കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ഡി.കെ ശിവകുമാര്‍. ഇരുവരും തമ്മില്‍ അന്നു തുടങ്ങിയതാണ് അടുപ്പം. അത് എസ്.എം കൃഷ്ണ ബി.ജെ.പി പാളയത്തിലെത്തിയപ്പോഴും തുടര്‍ന്ന് പോന്നു.

ഗൗഡ വിഭാഗത്തില്‍നിന്നുള്ളവരും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരും ആണ് ശിവകുമാറും സിദ്ധാര്‍ഥയും. വമ്പന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ടു നടത്തിയ ആദായനികുതി റെയ്ഡുകളാണ് പിന്നീട് സിദ്ധാര്‍ഥയിലേക്കും എത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍.

കടബാധ്യതകളില്‍ നട്ടംതിരിഞ്ഞിരുന്ന സിദ്ധാര്‍ഥയ്ക്ക് ഇതു കൂടുതല്‍ തിരിച്ചടിയായി മാറുകയായിരുന്നു. ശിവകുമാറിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളാണ് സിദ്ധാര്‍ഥയേയും വെട്ടിലാക്കിയിരുന്നത്. ആദായനികുതി വകുപ്പില്‍നിന്നു വലിയ സമ്മര്‍ദം നേരിടേണ്ടിവന്നുവെന്ന് സിദ്ധാര്‍ഥയുടെ ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിട്ടുണ്ട്.

2017-ലാണ് ശിവകുമാറിനെതിരായ റെയ്ഡുകള്‍ നടന്നത്. ശിവകുമാറും കഫെ കോഫി ഡേയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചു വിവരം ലഭിച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൈന്‍ഡ്ട്രീ എന്ന കമ്പനിയിലെ സിദ്ധാര്‍ഥന്റെ ഓഹരികള്‍ കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കം കാട്ടിയെന്ന് ശിവകുമാറിന്റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡി.കെ. സുരേഷും ആരോപിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇത്തരം ഒരു നടപടി തികച്ചും അനാവശ്യമായിരുന്നുവെന്നും സുരേഷ് കുറ്റപ്പെടുത്തുന്നു. 20.3 ശതമാനം ഓഹരിയാണ് സിദ്ധാര്‍ഥയ്ക്ക് മൈന്‍ഡ്ട്രീയില്‍ ഉണ്ടായിരുന്നത്. ഓഹരികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാന്‍ സിദ്ധാര്‍ഥ ശ്രമിക്കുന്നതിനിടെയാണ് തിടുക്കപ്പെട്ട് ഓഹരികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആദയവകുപ്പ് സ്വീകരിച്ചിരുന്നത്.

മൈന്‍ഡ്ട്രീയിലെ 74.9 ലക്ഷം ഓഹരികളാണ് ജനുവരിയില്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടിയത്. എന്നാല്‍ പിന്നീടത് വിട്ടു നല്‍കിയെങ്കിലും ഓഹരികള്‍ എല്‍.ആന്‍.ടിക്കു വില്‍ക്കാനുള്ള നീക്കം ഇതോടെ തടസപ്പെടുകയും വന്‍ബാധ്യതയ്ക്ക് ഇടയാക്കുകയുമായിരുന്നു.

ആദായ നികുതി വകുപ്പിന്റെ പ്രധാന ലക്ഷ്യം, കര്‍ണാടകയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയക്കാരനായ ഡി.കെ.ശിവകുമാര്‍ ആയിരുന്നുവെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ തടഞ്ഞുനിര്‍ത്തിയതും ജെ.ഡി.എസുമായി ചേര്‍ന്നു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതും ശിവകുമാറിന്റെ തന്ത്രങ്ങളെ തുടര്‍ന്നായിരുന്നു. ഇതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന് മുന്‍പ് തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

79 പേര്‍ക്കെതിരെയാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. ഇതില്‍ ശിവകുമാറിനും മറ്റു നാലു പേര്‍ക്കും എതിരായ കേസ് നിലവില്‍ കോടതിയിലാണ്. ശിവകുമാറിനെയും സിദ്ധാര്‍ഥയെയും ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ് ശ്രമിച്ചിരുന്നുവെന്ന് ശിവകുമാറിന്റെ അഭിഭാഷകനും ആരോപിച്ചിട്ടുണ്ട്. ഇതും ഇപ്പോള്‍ കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ വിവാദമുയര്‍ത്തിയിട്ടുണ്ട്.

അതേസമയം ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്. പ്രതിപക്ഷം സിദ്ധാര്‍ത്ഥന്റെ മരണം മുന്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം.

യു.പി- കര്‍ണ്ണാടക സംഭവങ്ങളില്‍ വാദപ്രതിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോഴും പ്രതിരോധത്തിലാകുന്നത് ബി.ജെ.പി ദേശീയ നേതൃത്വം തന്നെയാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആദായ നികുതി വകുപ്പും, യോഗിക്ക് കീഴിലെ യു.പി പൊലീസുമാണ് ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നത്.

ഈ രണ്ട് സംവിധാനത്തെയും നിയന്ത്രിക്കുന്നത് ബി.ജെ.പി സര്‍ക്കാരുകളാണ് എന്നതാണ് കാവിപ്പടക്ക് തിരിച്ചടിയായിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാരുകളുടെ സ്ത്രീ സുരക്ഷയും, സാമ്പത്തിക ‘നയങ്ങളും’ മുന്‍ നിര്‍ത്തി പ്രതിപക്ഷം രൂക്ഷമായാണ് ആഞ്ഞടിക്കുന്നത്. ഇതോടെ ദേശീയ രാഷ്ട്രീയ മേഖലയാകെ വിവാദ ചുഴിയില്‍പ്പെട്ട് തിളച്ച് മറിയുകയാണ്.

Political Reporter

Top