പൗരത്വ നിയമം; യുവകവിയെ ഇറക്കിവിട്ട ഡ്രൈവര്‍ക്ക് അവാര്‍ഡ് നല്‍കി ബിജെപി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ച യാത്രികനെ പൊലീസില്‍ ഏല്‍പ്പിച്ച ഊബര്‍ ഡ്രൈവര്‍ രോഹിത് ഗൗറിറെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലടക്കം നിറഞ്ഞിരുന്നത്.

ഇപ്പോള്‍ ഇതാ മറ്റൊരു വാര്‍ത്ത കൂടി എത്തുന്നു. യുവകവിയെ പൊലീസില്‍ ഏല്‍പിച്ച ഡ്രൈവറെ ബിജെപി പ്രവര്‍ത്തകര്‍ ആദരിച്ചു. മാത്രമല്ല സംഭവത്തെ തുടര്‍ന്ന് ബപ്പാദിത്യ സര്‍ക്കാരിനോട് മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

കാലഘോഡ ഫെസ്റ്റിവലില്‍ കവിത അവതരിപ്പിക്കാന്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് മുംബൈയില്‍ എത്തിയതാണ് ബപ്പാദിത്യ എന്ന യുവകവി. രോഹിത്തിന്റെ കാറില്‍ കയറിയ ബപ്പാദിത്യ പൗരത്വ സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് സുഹൃത്തിനോട് ഫോണില്‍ സംസാരിച്ചു. ഇതാണ് ഊബര്‍ ഡ്രൈവറായ രോഹിത്തിനെ പ്രകോപിതനാക്കിയത്.

തുടര്‍ന്ന് രോഹിത് പൊലീസ് സ്റ്റേഷനില്‍ കാര്‍ എത്തിക്കുകയും കവിയെ അറസ്റ്റ് ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയുമായിരുന്നു. ശേഷം 2 മണിക്കൂര്‍ ചോദ്യം ചെയ്ത് കവിയെ പൊലീസ് വിട്ടയച്ചു. പിന്നാലെ ഡ്രൈവറെ അഭിനന്ദിച്ച് ബിജെപി എത്തി. ബിജെപി മുംബൈ കമ്മിറ്റി അധ്യക്ഷന്‍ മംഗള്‍ പ്രഭാത് ലോധ എംഎല്‍എ ആണ് ഡ്രൈവറെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ‘അലേര്‍ട്ട് സിറ്റിസന്‍’ അവാര്‍ഡ് നല്‍കിയത്.

Top