സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കു വേണ്ടി കോടികള്‍ ചിലവഴിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍; മുന്നില്‍ ബി.ജെ.പി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത് ബി.ജെ.പിയാണെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കും ഗൂഗിളും പുറത്തുവിട്ട ‘ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്കില്‍ 7.75 കോടി രൂപയും ഗൂഗിളില്‍ 1.21 കോടി രൂപയുമാണ് ബി.ജെ.പി പരസ്യത്തിനായി ചെലവാക്കിയത്. എന്നാല്‍ ബി.ജെ.പിയേക്കാള്‍ കുറവ് രൂപയാണ് കോണ്‍ഗ്രസ് പരസ്യങ്ങള്‍ക്കായി ചിലവിട്ടിരിക്കുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് കൂടുതല്‍ തുക ചെലവിട്ട മറ്റ് രണ്ട് പാര്‍ട്ടികള്‍.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ബി.ജെ.പി 7.75 കോടി രൂപ ചെലവിട്ടത്. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മന്‍ കി ബാത് പരിപാടിയുടെ പരസ്യത്തിന് വേണ്ടി 2.23 കോടി രൂപയും ചിലവാക്കി. ബി.ജെ.പിയുടെ സ്വന്തം പേരില്‍ ഫെയ്‌സ്ബുക്കില്‍ ചെലവാക്കിയത് 37.74 ലക്ഷം രൂപയാണ്. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന പ്രചാരണ പരിപാടിയുടെ പേരില്‍ മാത്രം ബി.ജെ.പി ഫെയ്‌സ്ബുക്കിന് നല്‍കിയത് 1.05 കോടി രൂപയാണ്. നേഷന്‍ വിത്ത് നമോ എന്ന പേരില്‍ ചെലവാക്കിയത് 59.15 ലക്ഷം രൂപയും ആണ്.

ഗൂഗിളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി രണ്ടുമാസത്തിനുള്ളില്‍ ചെലവാക്കിയതില്‍ 32 ശതമാനവും ബി.ജെ.പിയുടേതാണ്. ഗൂഗിളിന്റെ ഇന്ത്യന്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട് പ്രകാരം 1.21 കോടി ചെലവിട്ട് ബി.ജെ.പി 554 പരസ്യങ്ങളാണ് നല്‍കിയത്. കോണ്‍ഗ്രസ് ആറാം സ്ഥാനത്താണ്, ചെലവിട്ടത് 54,100 രൂപയും. രണ്ടാം സ്ഥാനത്ത് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ്, 1.04 കോടിയാണ് ചെലവിട്ടത്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് വേണ്ടി ചെലവിട്ടത് 85.25 ലക്ഷമാണ്. മൂന്നാം സ്ഥാനത്ത് ടി.ഡി.പിയാണ്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പരസ്യം വന്നത് ആന്ധ്രാപ്രദേശില്‍ നിന്നാണ്, 1.73 കോടി

തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍മീഡിയ വഴി വ്യാജപ്രചാരണങ്ങള്‍ വരുന്നത് ഒഴിവാക്കാന്‍ വിവിധ സര്‍ക്കാരുകള്‍ സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അവര്‍ തിരഞ്ഞെടുപ്പ് കാലത്തെ പരസ്യങ്ങള്‍ പ്രത്യേകം പരിശോധിക്കാനുള്ള പദ്ധതികള്‍ സജ്ജമാക്കിയത്.

Top