പാര്‍ട്ടിക്ക് ലഭിക്കേണ്ട സ്ഥാനങ്ങളില്‍ ഉടന്‍ തീരുമാനം വേണം; സമ്മര്‍ദ്ദം ശക്തമാക്കി ബിഡിജെഎസ്

കൊച്ചി: പാര്‍ട്ടിക്ക് ലഭിക്കേണ്ട സ്ഥാനങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് എന്‍ഡിഎയോട് ആവശ്യപ്പെട്ട് ബിഡിജെഎസ്. കൊച്ചിയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ആണ് ആവശ്യം ഉന്നയിച്ചത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചത് പോലുള്ള കാലതാമസം ഇനി ആവര്‍ത്തിക്കരുതെന്നാണ് ബിഡിജെഎസിന്റെ നിലപാട്.

ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ബിഡിജെഎസ് എന്‍ഡിഎയ്ക്ക്‌മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ ബോര്‍ഡ് ,കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ പാര്‍ട്ടി കണ്ണുവെക്കുന്നുണ്ട് എന്നാണ് വിവരം.

കൊച്ചിയില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ഇതെല്ലാം ചര്‍ച്ചയായി. താമസിയാതെ ഇക്കാര്യങ്ങളില്‍ പരിഹാരം ഉണ്ടാകും എന്ന് മാത്രമായിരുന്നു തുഷാറിന്റെ പ്രതികരണം. അരൂരില്‍ ആര് മത്സരിക്കുമെന്ന കാര്യം തര്‍ക്ക വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

Top