ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് സൂചന. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റി വച്ചതായാണ് വിവരം. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേ സമയം അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കമല്‍നാഥ് രാജി വക്കേണ്ടതില്ലെന്നും,16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കമല്‍നാഥ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചത്.

ഒരപ്രതീക്ഷിത നീക്കത്തിലൂടെയാണ് സിന്ധ്യ മന്ത്രിമാരുള്‍പ്പടെയുള്ള എംഎല്‍എമാരെ ബെംഗളൂരുവിലെത്തിച്ചത്. 22 എംഎല്‍എമാര്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 92 ആയി കുറഞ്ഞു. ഇത് കമല്‍നാഥ് സര്‍ക്കാരിന് വലിക്ഷീണമാണ് ഉണ്ടാക്കുന്നത്.
സിന്ധ്യയും കൂട്ടരും ബിജെപിയിലേക്ക് പോയേക്കുമെന്ന സൂചനക്കിടെ അടിയന്തര മന്ത്രിസഭ, പാര്‍ട്ടി യോഗങ്ങള്‍ വിളിച്ച മുഖ്യമന്ത്രി കമല്‍നാഥ് മധ്യപ്രദേശ് പി സി സി അധ്യക്ഷ സ്ഥാനവും, രാജ്യസഭ സീറ്റും സിന്ധ്യക്ക് വാഗ്ദാനം ചെയ്തതിരുന്നു.

Top