ഉദ്യോഗക്കയറ്റം നഷ്ടമായി; സിബിഐ സ്‌പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും നിഷേധിക്കപ്പെട്ട സിബിഐ സ്‌പെഷ്യല്‍ ജഡ്ജി തനിക്കെതിരായ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലെ വാദം നടക്കുന്ന റായ് ബറേലി മജിസ്‌ട്രേറ്റ് കോടതി സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് സുപ്രീംകോടതിയുടെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയ്ക്കും മുരളീമനോഹര്‍ ജോഷിയ്ക്കുമെതിരെയുള്ള ഗൂഡാലോചനാക്കുറ്റം വീണ്ടും അന്വേഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യമുന്നയിച്ചിരുന്നു. അതോടൊപ്പം തന്നെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാനുള്ള എല്ലാ കേസുകളും റായ്ബറേലി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ കേസിന്റെ വാദം പൂര്‍ത്തിയാകുന്നതു വരെ ജഡ്ജിയ്ക്ക് സ്ഥലംമാറ്റം അനുവദിക്കരുതെന്നുമുള്ള നിര്‍ദേശം നല്‍കിയിരുന്നു.

ഇങ്ങനെയൊരു ഉത്തരവിനെ തുടര്‍ന്ന് 2018 ജൂണില്‍ അലഹബാദ് കോടതിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിച്ച് തനിക്ക് ലഭിച്ച ഉത്തരവ് റദ്ദാക്കപ്പെട്ടുവെന്നും സുരേന്ദ്രനാഥ് യാദവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു. അയോധ്യക്കേസില്‍ വാദം പൂര്‍ത്തിയാകുന്നതു വരെ സ്ഥലം മാറ്റം അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആ ഉത്തരവ് റദ്ദാക്കപ്പെട്ടതെന്ന് യാദവ് സുപ്രീം കോടതിയെ അറിയിച്ചു.

Top