സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച നടപടി ജില്ലാ കളക്ടറുടെ വിവരക്കേടെന്ന് ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ രംഗത്ത്.

എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച നടപടി ജില്ലാ കളക്ടറുടെ വിവരക്കേടാണെന്നാണ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സുരേഷ് ഗോപിക്കെതിരായ നടപടി തൃശശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ വിവരക്കേടാണെന്നും അല്ലെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രസിദ്ധി നേടാനുള്ള കളക്ടറുടെ വെമ്പലോ ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

Top