ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണം; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം. സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉച്ചയ്ക്ക് ശേഷം പ്രതിഷേധം സംഘടിപ്പിക്കും. ഭരണ പരാജയം മറച്ചുവെക്കുന്നതിനായാണ് ഭാരത് ജോഡോ ന്യായ് യാത്ര തടസപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും തമ്മിലുള്ള വാക്‌പോര് മുറുകുന്നതിനിടെയാണ് സംഘര്‍ഷം. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. കൊടികളുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ജയ്‌റാം രമേശിന്റെ കാര്‍ തടഞ്ഞു.വാഹനത്തിലെ ചില്ലില്‍ ഉണ്ടായ ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കീറിയെന്നും വെള്ളം ഒഴിച്ചുവെന്നും ജയ്‌റാം രമേശ് ആരോപിച്ചു. ജനുവരി 25 വരെയാണ് അസമില്‍ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരാനായ മുഖ്യമന്ത്രിയാണ് ഹിമന്ദയെന്ന പ്രചരാണമാണ് സംസ്ഥാനത്ത് രാഹുലും കോണ്‍ഗ്രസും നടത്തുന്നത്.

ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി ആഹ്വാനം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി ക്രിമിനലുകള്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പറഞ്ഞു.

Top