തരംതാഴ്ന്നവനെന്ന പരിഹാസം ;മണിശങ്കര്‍ അയ്യര്‍ മോദിയോട് മാപ്പുപറയണമെന്ന് രാഹുല്‍ ഗാന്ധി

rahul gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മാപ്പുപറയണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രിക്കെതിരായ മണിശങ്കര്‍ അയ്യരുടെ മോശം പരാമര്‍ശത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്.

”ബി.ജെ.പിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിന് വ്യത്യസ്തമായ സംസ്‌കാരവും പാരമ്പര്യവുമാണുള്ളത്. മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതില്‍ മാപ്പുപറയുമെന്നാണ് താനും പാര്‍ട്ടിയും കരുതുന്നത് രാഹുല്‍ ട്വിറ്റ് ചെയ്തു.

അതേസമയം മണിശങ്കര്‍ അയ്യരുടെ പ്രസ്താവനക്ക് മറുപടിയുമായി നരേന്ദ്രമോദി രംഗത്ത് വന്നു.

അവര്‍ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള്‍ അതിനോട് പ്രതികരിക്കുന്നില്ല. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ലന്നും, ഡിസംബര്‍ ഒമ്പതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസ്സുകാരോട് ഇതിന് ഞങ്ങള്‍ മറുപടി പറയുമെന്നും തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മോദി പറഞ്ഞു.

തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും നാണംകെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കില്‍ അവര്‍ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.

മോദി സംസ്‌കാരമില്ലാത്ത തരംതാഴ്ന്ന വ്യക്തിയാണെന്നും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നയാളാണെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവന.

Top