ജനരക്ഷാ യാത്രയെ കളിയാക്കിയ കോടിയേരി ഇപ്പോൾ യാത്രാ വിവാദത്തിൽ വെട്ടിലായി . . !

കോഴിക്കോട്: ബി.ജെ.പി ജന രക്ഷായാത്രയുടെ ഗ്യാസ് പോയെന്ന് പറഞ്ഞ് അധിക്ഷേപിച്ച കോടിയേരിയുടെ ജാഥയുടെ ‘ഗ്യാസ്’ കളഞ്ഞ് ബി.ജെ.പി.

കൊട്ടിഘോഷിച്ച് കാസർഗോഡ് നിന്നും പുറപ്പെട്ട ഇടതുമുന്നണിയുടെ ജനജാഗ്രത യാത്ര കോഴിക്കോട് എത്തിയപ്പോയാണ് യാത്രയുടെ ഗ്യാസ് പോകുന്ന ആരോപണവുമായി ആദ്യം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്തു വന്നത്.

സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ ആഢംബര കാറിൽ ജനജാഗ്രത യാത്ര നയിച്ചെത്തിയ കോടിയേരിയെ കണക്കറ്റ് പരിഹസിക്കുന്നതായിരുന്നു ബി.ജെ.പി ആരോപണം.

പിന്നീട് സമാന ആരോപണവുമായി മുസ്ലീം ലീഗ് ഉൾപ്പെടെ സകലരും രംഗത്തിറങ്ങിയതോടെ സി.പി.എം ഇപ്പോൾ ശരിക്കും വെട്ടിലായിരിക്കുകയാണ്.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്ന ഷഹബാസിന്റെ കൂട്ടാളിയാണ് ഫൈസൽ എന്നും ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നതുമായ വാർത്തയുടെ കട്ടിങ് സഹിതമാണ് സി.പി.എമ്മിനും കോടിയേരിക്കുമെതിരായ സൈബർ ആക്രമണം ശക്തമായിരിക്കുന്നത്.

ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരാണ് കടന്നാക്രമണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.

‘പാവങ്ങളുടെ പാർട്ടിയുടെ നേതാവിന് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ 40 ലക്ഷം വിലവരുന്ന ആഡംബര കാർ തന്നെ വേണമല്ലേ ‘ എന്നതാണ് പരിഹാസം’

കള്ളക്കടുത്തുകാരെ ‘ജാഗ്രത’യോടെ സംരക്ഷിക്കാനുള്ള യാത്രയാണ് ഇപ്പോൾ നടക്കുന്നതെന്നും സംഘപരിവാർ പ്രവർത്തകർ ആരോപിക്കുന്നു.

അപ്രതീക്ഷിതമായ ആരോപണത്തോടെ ആകെ പുലിവാല് പിടിച്ചിരിക്കുന്നത് സംസ്ഥാനത്തെ സി.പി.എം പ്രവർത്തകരാണ്.

ബി.ജെ.പിയുടെ ജനരക്ഷായാത്ര ആക്രമണത്തിനുള്ള ആഹ്വാനമാണെന്നും പരാജയമാണെന്നും പറഞ്ഞ സി.പി.എം പ്രവർത്തകർക്ക് തിരിച്ച് ഇപ്പോൾ കോടിയേരി വഴി കിട്ടിയ ‘പണിക്ക് ‘ വ്യക്തമായ മറുപടി പോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

പാർട്ടി നേതൃത്വം ജാഗ്രത പാലിക്കാത്തതിനാലാണ് ഇപ്പോൾ തല കുനിക്കേണ്ടി വന്നിരിക്കുന്നതെന്നാണ് സി.പി.എം അനുഭാവികളുടെ പരിഭവം.

സംസ്ഥാനത്ത് ചൂടുള്ള ചർച്ചക്ക് തന്നെ വഴിമരുന്നിട്ടിരിക്കയാണ് ജന ജാഗ്രതാ മാർച്ചിപ്പോൾ.

Top