നിയമസഭകളില്‍ ഭരണമുറപ്പിക്കാന്‍ ബിജെപി; കേന്ദ്രമന്ത്രിമാര്‍ക്ക് പ്രത്യേക ചുമതലകള്‍

ന്യൂഡല്‍ഹി: മൂന്ന് കേന്ദ്രമന്ത്രിമാരെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മാനേജര്‍മാരാക്കി ബിജെപി. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് പ്രത്യേകം ആളുകളെ നിയമിച്ചു കൊണ്ട് പാര്‍ട്ടി പ്രചരണ തന്ത്രങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

പെട്രോളിയം മന്ത്രി ധര്‍മ്മേദ്ര പ്രധാനാണ് മധ്യപ്രദേശിന്റെ ചുമതല. പ്രകാശ്‌ ജാവദേക്കര്‍ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ക്രോഡീകരിക്കും. ആഗോര്യ മന്ത്രി ജെ.പി നഡ്ഡയാണ് തെലങ്കാനയുടെ ചുമതലകള്‍ വഹിക്കുക. ബിജെപി ദേശീയ അദ്ധ്യക്ഷനാണ് ഇവരെ നിയമിച്ചിരിക്കുന്നത്‌.

മധ്യപ്രദേശിലും രാജസ്ഥാനിലും ഈ വര്‍ഷം ആവസാനം തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ വരുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. കാലാവധി പൂര്‍ത്തിയാകുന്നതിന് ഒന്‍പത് മാസം ബാക്കി നില്‍ക്കെയാണ് തെലങ്കാന മന്ത്രിസഭ പിരിച്ചു വിട്ടത്. അവിടെ അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ ആയിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

ബംഗാളും ബിജെപി ഉന്നം വയ്ക്കുന്ന ഒരു പ്രധാനപ്പെട്ട സംസ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് ആണ് ഇവിടെ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കുന്നത്. കേന്ദ്ര മന്ത്രിയാണ് റോയ്. ആര്‍എസ്എസ് പ്രചാരക് അരവിന്ദ് മേനോനും പശ്ചിമ ബംഗാളില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

2003 മുതല്‍ മധ്യപ്രദേശ് ഭരിച്ചിരുന്ന പാര്‍ട്ടിയാണ് ബിജെപി. ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെയാണ് സംസ്ഥാനത്ത് ബിജെപിയ്ക്ക് കാലിടറിയത്.

200 സീറ്റുകളുള്ള രാജസ്ഥാനില്‍ 163 സീറ്റുകളുമായാണ് ബിജെപി അധികാരത്തില്‍ വന്നത്. വസുന്ധര രാജെയുടെ മിടുക്കാണ് ഇതിനു പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 180ലധികം സീറ്റുകളില്‍ വിജയമാണ് പാര്‍ട്ടി ഇത്തവണ രാജസ്ഥാനില്‍ ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകളെയും യുവാക്കളെയും കൂടുതല്‍ രംഗത്തിറക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി ശ്രമം.

മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ പാര്‍ട്ടിയ്ക്ക് വളരെ നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസ് ഇവിടെയെല്ലാം റാലികളും മറ്റ് പ്രചരണ പരിപാടികളും തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യം സംബന്ധിച്ചും സീറ്റ് വിതരണത്തെക്കുറിച്ചും ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ സംസ്ഥാന നിയസഭാ തെരഞ്ഞെടുപ്പുകള്‍ ഇരു വിഭാഗങ്ങളെയും സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

Top