കാവി രാഷ്ട്രീയവും കോർപ്പറേറ്റുകളും ഭയക്കുന്നത് ഇടതുപക്ഷ സർക്കാറിനെ

കോര്‍പ്പറേറ്റുകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന പുതിയ കേന്ദ്ര കൃഷിനിയമം നടപ്പാക്കില്ലന്ന് രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ തന്നെയാണ് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നത്. നിയമസഭ വിളിച്ച് ചേര്‍ത്ത് കേരളം പ്രമേയം പാസാക്കുമെന്ന് കണ്ടതോടെയാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചാബ് നിയമസഭ വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ആദ്യമായി പ്രമേയമവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ പിണറായി സര്‍ക്കാര്‍ കര്‍ഷക നിയമത്തിലും ‘ഗോളടിക്കുന്നതിനെ’ ആശങ്കയോടെയാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റും നിരീക്ഷിച്ചിരുന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പ്രമേയവുമായി മുന്നോട്ട് പോയത്. എന്നാല്‍ ആദ്യം പ്രമേയമവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാറിന്റെ നടപടിയല്ല കേരള സര്‍ക്കാറിന്റെ നീക്കങ്ങളാണിപ്പോള്‍ ദേശീയ തലത്തിലും വലിയ വിവാദമായിരിക്കുന്നത്. പഞ്ചാബില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കിയപ്പോള്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫയല്‍ തിരിച്ചയക്കുകയാണ് ചെയ്തത്. ഗവര്‍ണ്ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലിലേക്കാണ് ഇതോടെ കേരളത്തില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നത്. അതേസമയം ഗവര്‍ണ്ണറെ വെല്ലുവിളിച്ച് കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം പാസാക്കാന്‍ ഡിസംബര്‍ 31ന് വീണ്ടും സഭ ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ നീക്കം കേന്ദ്ര സര്‍ക്കാറിനെയും ഞെട്ടിച്ചിട്ടുണ്ട്. ഇതിനും ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ലങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കാനാണ് പിണറായി സര്‍ക്കാറിന്റെ തീരുമാനം. ഗവര്‍ണ്ണര്‍ ബി.ജെ.പിയുടെ ‘ബി’ ടീമായി പ്രവര്‍ത്തിച്ചാല്‍ ഗവര്‍ണ്ണറെ തന്നെ തിരിച്ച് വിളിക്കാനുള്ള പ്രമേയവും അവതരിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് ഇടതുപക്ഷം. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തുറന്ന ഏറ്റുമുട്ടലിലേക്കാണ് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ഇപ്പോള്‍ പോകുന്നത്. കേന്ദ്ര ഏജന്‍സികളുടെ വഴിവിട്ട അന്വേഷണ രീതിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തന്നെയാണ് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ ഗവര്‍ണ്ണര്‍ക്കും കത്തയച്ചിരിക്കുന്നത്. തനിക്ക് മുഖ്യമന്ത്രി അയച്ച കത്ത് ചാനലുകളില്‍ വന്നതിനെ വിമര്‍ശിച്ച ഗവര്‍ണ്ണര്‍ പക്ഷേ മുഖ്യമന്ത്രിക്ക് അയച്ച മറുപടി കത്ത് ചോര്‍ന്നതിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

അണിയറയില്‍ നടക്കുന്നത് രാഷ്ട്രീയ കരുനീക്കങ്ങളാണെന്ന് വ്യക്തം. നിയമസഭ വിളിച്ച് ചേര്‍ക്കുന്നതിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണര്‍ അസാധാരണ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തിപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. എപ്പോള്‍ നിയമസഭ ചേരണമെന്ന് നിശ്ചയിക്കുന്നത് സര്‍ക്കാറാണ്. അല്ലാതെ ഗവര്‍ണ്ണറല്ല. ഗവര്‍ണ്ണര്‍ ഭരണമല്ല കേരളത്തില്‍ നടക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ക്കണം. ഗവര്‍ണ്ണറെ മുന്‍ നിര്‍ത്തി ഭരിച്ചു കളയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് തന്നെ വിലയിരുത്തേണ്ടി വരും. പ്രമുഖ നിയമ വിദഗ്ദനായ കാളീശ്വരം രാജ് ചൂണ്ടിക്കാട്ടിയത് പോലെ കൃഷിനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന മന്ത്രിസഭയുടെ ആവശ്യം നിരാകരിച്ച ഗവര്‍ണറുടെ നടപടി തെറ്റ് മാത്രമല്ല, ഭരണഘടനാവിരുദ്ധം കൂടിയാണ്.

മന്ത്രിസഭയും നിയമസഭയും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളാണ്. ഭരണഘടനാ ജനാധിപത്യത്തില്‍ നയങ്ങള്‍ രൂപീകരിക്കാനും തീരുമാനങ്ങളെടുക്കാനും അവ നടപ്പാക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. സര്‍ക്കാരിന്റെ ഔപചാരിക തലവന്‍ എന്ന നിലയ്ക്കുള്ള ഭരണഘടനാ പദവി മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. അതിനാല്‍ത്തന്നെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാനും നടപ്പാക്കാനുമുള്ള പൊതുവായ ബാധ്യതയാണ് ഗവര്‍ണര്‍ പിന്തുടരേണ്ടത്. തന്റേതായ വിവേചനാധികാരം പ്രയോഗിക്കാനുള്ള ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ ഗവര്‍ണ്ണര്‍ക്കൊള്ളൂ. ഇതും നാം മനസ്സിലാക്കണം. നിയമസഭാ സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരമില്ല.

നിയമസഭ വിളിച്ചുകൂട്ടാനുള്ള ഗവര്‍ണറുടെ ബാധ്യതയെക്കുറിച്ചു വിശദീകരിക്കുന്നത് ഭരണഘടനയുടെ 174-ാം അനുഛേദത്തിലാണ്. ഈ അനുഛേദമാകട്ടെ വേര്‍തിരിച്ചു വായിക്കേണ്ട ഒന്നല്ല. 163-ാം അനുഛേദത്തിന്റെ താല്‍പര്യമനുസരിച്ചു മാത്രമേ ഏതൊരു ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുകയൊള്ളു. മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയുടെ സഹായവും ഉപദേശവും സ്വീകരിച്ചുകൊണ്ടു വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ എന്ന് 163 (1) അനുഛേദം തന്നെ വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ തനിക്കുള്ള വിവേചനാധികാരം പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മന്ത്രിസഭാ തീരുമാനം കണ്ണടച്ചു നടപ്പാക്കാനുള്ള ബാധ്യത ഗവര്‍ണ്ണര്‍ക്കില്ലെന്നും ഇതേ അനുഛേദത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഗവര്‍ണ്ണര്‍ വിവേചനാധികാരം പ്രയോഗിക്കേണ്ട ഒരു സാഹചര്യവും നിലവില്‍ കേരളത്തിലില്ല. അത് പ്രയോഗിക്കേണ്ട ബംഗാള്‍ പോലുള്ള സംസ്ഥാനത്ത് ഇതുവരെ ഒരു ഗവര്‍ണ്ണറും സാഹസത്തിന് മുതിര്‍ന്നിട്ടുമില്ല. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനടക്കം ആക്രമിക്കപ്പെട്ട സംസ്ഥാനത്ത് നടപ്പാക്കാത്ത അധികാരം കേരളത്തില്‍ നടപ്പാക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം എത്രമാത്രം അവര്‍ കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സംസ്ഥാനത്തെ ഭയപ്പെടുന്നുണ്ട് എന്നത് തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ‘സംഘിപ്പട്ടം’ ചാര്‍ത്തി നല്‍കാന്‍ മത്സരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ജമാ അത്തെ ഇസ്ലാമിയും ഫാത്തിമ തഹ് ലിയയുമെല്ലാം ഇക്കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്.

ആര്‍.എസ്.എസിന്റെ മാത്രമല്ല കോര്‍പ്പറേറ്റുകളുടെയും താല്‍പ്പര്യം സംരക്ഷിച്ചാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ കൃഷി നിയമം കൊണ്ടുവന്നതും ഈ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. ഈ രണ്ട് നിയമങ്ങള്‍ക്കുമെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം നടത്തിയത് ഇടതുപക്ഷ പാര്‍ട്ടികളാണ്. അല്ലാതെ കോണ്‍ഗ്രസ്സല്ല. ഇപ്പോഴും ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ കൈയ്യില്‍ കിടന്ന് പാറുന്നത് ചെങ്കൊടിയാണ്. ഈ കര്‍ഷക സമരത്തിന് രൂപം കൊടുത്തത് തന്നെ സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മോദിയുടെ ഇന്റലിജന്‍സ് മാത്രമല്ല ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ കൂടിയാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ സ്വാധീനമല്ല തെരുവിലെ പോരാട്ടങ്ങളുടെ മാനദണ്ഡമെന്ന് കൂടി തെളിയിക്കുന്നതാണ് ചെമ്പടയുടെ ഈ സമരം.

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് പതിനായിരങ്ങള്‍ കൂടി എത്തിയതോടെ ഡല്‍ഹി അതിര്‍ത്തി ഇപ്പോള്‍ പ്രതിഷേധ കടലായി മാറിയിരിക്കുകയാണ്. അദാനിയെയും അംബാനിയെയും പോലുള്ള കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള കൃഷി നിയമം ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്‌നമില്ലന്ന നിലപാടിലാണ് കര്‍ഷകര്‍. ഈ സമരത്തിന് കരുത്ത് പകരാനും കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കാനും ലക്ഷ്യമിട്ടാണ് പുതിയ കൃഷി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാന്‍ കേരള സര്‍ക്കാറും തീരുമാനിച്ചിരുന്നത്. കേരളത്തിലെ ഇടതുപക്ഷ ഭരണം പോകണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരില്‍, മുന്‍പന്തിയിലാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകളുമുള്ളത്. അത് കൃഷി നിയമത്തിലെ എതിര്‍പ്പില്‍ മാത്രം ഒതുങ്ങുന്നതുമല്ല.

കേരളത്തിന്റെ സ്വപ്ന പദ്ധതികളായ കെ. ഫോണ്‍ ഉള്‍പ്പെടെ നടപ്പായാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിക്കുമെന്നാണ് അവര്‍ ഭയപ്പെടുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് തുച്ഛമായ നിരക്കിലും ഇന്റര്‍നെറ്റ് പ്രാപ്തമാക്കുന്ന ഈ പദ്ധതി ഈ രംഗത്തെ കുത്തകകളുടെ അടിവേര് തകര്‍ക്കുന്നതാണ്. കേരളത്തില്‍ സ്ഥാപിക്കപ്പെടുന്ന സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല രാജ്യത്താകെ പടരാന്‍ അധികകാലം വേണ്ടി വരില്ലെന്ന തിരിച്ചറിവും കോര്‍പ്പറേറ്റുകള്‍ക്കുണ്ട്. ഇതുപോലെ കേരളത്തിലെ മറ്റ് ജനകീയ പദ്ധതികളും കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് കണ്ണിലെ കരടുകളാണ്. ഒരു ഭരണ തുടര്‍ച്ച ഇടതുപക്ഷത്തിന് അവര്‍ ആഗ്രഹിക്കാത്തതും അതുകൊണ്ടാണ്. കോര്‍പ്പറേറ്റുകള്‍ക്ക് എന്നും പ്രിയം അവരുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാറുകളെയാണ്. ബി.ജെ.പി ഭരിച്ചാലും കോണ്‍ഗ്രസ്സ് ഭരിച്ചാലും തൃണമൂല്‍ ഭരിച്ചാലും കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് ഒരു പോലെ തന്നെയാണ്.

ഇവിടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ വ്യത്യസ്തമാകുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നേരെ തിരിയുന്നതിന് മറ്റൊരു കാരണം നിയമസഭ തിരഞ്ഞെടുപ്പ് തന്നെയാണ്. ബി.ജെ.പി – ഇടതുപക്ഷ ഏറ്റുമുട്ടലായി തിരഞ്ഞെടുപ്പ് രംഗം മാറണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. അതിന് കളമൊരുക്കാന്‍ ഇത്തരം ചെപ്പടി വിദ്യകള്‍ ഇനിയും തുടരാന്‍ തന്നെയാണ് സാധ്യത. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അട്ടിമറിക്കാനോ നിര്‍വീര്യമാക്കാനോ ഉള്ള അധികാരം കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ക്ക് ഉണ്ടെന്നുവന്നാല്‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനും മാത്രമല്ല തിരഞ്ഞെടുപ്പിനു തന്നെയും അര്‍ഥമില്ലെന്ന നിലയാണ് വരിക. അത്തരം അവസ്ഥ ഉണ്ടാകരുതെന്നതാണ് ഭരണഘടനയും മുന്നോട്ട് വയ്ക്കുന്ന താല്‍പര്യം.

ഗവര്‍ണര്‍ക്കു തന്റേതായ നിലയില്‍ ഒരു ധര്‍മവും നിര്‍വഹിക്കാനില്ല, അദ്ദേഹത്തിനുള്ളതു ചില കടമകള്‍ മാത്രമാണെന്ന് ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കര്‍ തന്നെ ഭരണഘടനാ നിര്‍മാണ ചര്‍ച്ചകളില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. മാത്രമല്ല സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 1974 – ലെ ‘ഷംസീര്‍ സിങ് കേസില്‍’ മന്ത്രിസഭാ തീരുമാനങ്ങളനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കു ബാധ്യതയുണ്ടെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുമുണ്ട്. സര്‍ക്കാരിന്റെ നയതീരുമാനങ്ങളില്‍ വ്യക്തിപരമായ വിവേചനാധികാരം പ്രയോഗിച്ച് ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു വ്യക്തമാക്കുന്ന ഈ വിധിയില്‍ ഡോ. അംബേദ്കറുടെ ഇതു സംബന്ധിച്ച നിലപാടുകളും പരാമര്‍ശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കു വിവേചനാധികാരം പ്രയോഗിക്കാവുന്ന സന്ദര്‍ഭങ്ങള്‍ ഏതൊക്കെയെന്ന് 2004-ലെ ‘മധ്യപ്രദേശ് സ്പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് കേസിലും സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്.

2 മന്ത്രിമാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച മന്ത്രിസഭാ തീരുമാനം അപ്പടി അംഗീകരിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കില്ലെന്നാണ് ഈ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ക്രിമിനല്‍ പ്രോസിക്യൂഷന്‍ നയപരമായ കാര്യമല്ല. അതിനാലാണ് ഗവര്‍ണറുടെ വിവേചനാധികാരവും പ്രസക്തമാകുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്ന കാര്യത്തില്‍ ‘ഷംസീര്‍ സിങ് കേസ്’ വിധി തന്നെയാണ് പ്രസക്തം. 2016ലെ ‘നബാം റെബിയ’ കേസില്‍ സഭാ സമ്മേളനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരമില്ലെന്ന് സുപ്രീംകോടതി കൃത്യമായിത്തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഈ കാര്യങ്ങളൊന്നും പാലിക്കാതെയാണ് കേന്ദ്രവും ചില ഗവര്‍ണ്ണര്‍മാരും ഇപ്പോഴും മുന്നോട്ട് പോകുന്നത്.

കേന്ദ്രത്താല്‍ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപം കേരളത്തെ സംബന്ധിച്ച് അപൂര്‍വ്വം തന്നെയാണ്. ഗവര്‍ണര്‍ പദവി തന്നെ തുടരേണ്ടതുണ്ടോ എന്ന ചര്‍ച്ചയാണ് ഇതോടെ വീണ്ടും സജീവമായിരിക്കുന്നത്. ആന്ധ്ര സര്‍വകലാശാലയിലെ പ്രഫ. ആര്‍.വെങ്കട്ടറാവു പറഞ്ഞത് പോലെ ”നിഷ്‌ക്രിയമായിരിക്കുമ്പോള്‍ ഉപയോഗശൂന്യവും സജീവമായിരിക്കുമ്പോള്‍ അപകടകരവുമായ ഒന്നാണു ഗവര്‍ണര്‍ പദവി. കേരള ഗവര്‍ണറുടെ ഇപ്പോഴത്തെ നിലപാടുകള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നത് തന്നെയാണ്.

Top