കര്‍ണാടക തിരഞ്ഞെടുപ്പ്; പ്രകടനപത്രികകളിലൂടെ ഏറ്റുമുട്ടാനൊരുങ്ങി ബിജെപിയും കോണ്‍ഗ്രസും

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ ആയിരിക്കുന്ന കര്‍ണാടകയില്‍ അടുത്തയാഴ്ച്ച ബിജെപിയും കോണ്‍ഗ്രസും ഏറ്റുമുട്ടുക പ്രകടനപത്രികകളിലൂടെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മേഖല തിരിച്ച് നാല് പ്രകടന പത്രികകളുമായി കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍ 224 മണ്ഡലങ്ങള്‍ക്കായി 225 പത്രികകളാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്.

മെയ് ആദ്യവാരം മോദിയും യോഗിയും എത്തുന്നതോടെ ബിജെപി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പോരാട്ടം പുതിയ തലത്തിലാകുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ ഇവയെ അസ്ഥാനത്താക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്യും.

ബെംഗളൂരു,ബെല്‍ഗാം,ഗുല്‍ബര്‍ഗ,മൈസൂര്‍ മേഖലകള്‍ക്കായി പ്രത്യേക പ്രകടനപത്രികകളാണ് കോണ്‍ഗ്രസിനുള്ളത്. സാം പിത്രോദ,പൃഥ്വിരാജ് ചൗഹാന്‍,മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരാണ് പ്രകടനപത്രിക തയ്യാറാക്കിയത്. വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി. 2013ല്‍ പ്രകടനപത്രികയില്‍ പറഞ്ഞ 165 വാഗ്ദാനങ്ങളും തങ്ങള്‍ പാലിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന അവകാശവാദം. ബെംഗളൂരുവിന്റെ വികസനവും ഭാവിയും മാത്രം ഉള്‍പ്പെടുത്തി പത്രികയില്‍ ഒരധ്യായം തന്നെയുണ്ട്.

കോണ്‍ഗ്രസ് നീക്കത്തിന് ഒരുപടി മുന്നിലാണ് ബിജെപി. 224 മണ്ഡലങ്ങള്‍ക്കായി 225 പ്രകടനപത്രികകളുമായാണ് ബിജെപിയുടെ വരവ്. ഒരെണ്ണം സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യാനുള്ളതും മറ്റുള്ളവ മണ്ഡലം തിരിച്ച് വിതരണം ചെയ്യാനുള്ളതുമാണ്. നാല് ദിവസത്തിനകം ബിജെപിയും പ്രകടനപത്രിക പുറത്തിറക്കും. ഇതിലും ബെംഗളൂരുവിനായി ഒരധ്യായം മാറ്റിവച്ചിട്ടുണ്ട്. എംഎല്‍എയായ ഡോ.അശ്വഥ്‌നാരായണനാണ് പ്രകടനപത്രികയുടെ ചുമതല.

റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ.സുബ്രഹ്മണ്യത്തിനാണ് ജെഡിഎസിന്റെ പ്രകടനപത്രികയുടെ ചുമതല. കാര്‍ഷിക,വ്യവസായിക,ജലവിതരണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാവും ജെഡിഎസിന്റെ പ്രകടനപത്രികയെന്നാണ് സൂചന. ഇതും അടുത്തയാഴ്ച്ച തന്നെ വോട്ടര്‍മാരിലേക്കെത്തും.

Top