ബിജെപിയും കോൺഗ്രസും കൈ കോർക്കുന്നു

യ്പൂർ : മൂന്നു വർഷം മാത്രം പ്രായമുള്ള ഒരു പ്രാദേശിക പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിയും കോൺഗ്രസും കൈ കോർക്കുക. ഡൂംഗർപൂർ ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിലാണു രാജസ്ഥാനിലെയും ഗുജറാത്തിലെയും രാഷ്ട്രീയ സമവാക്യങ്ങളിൽ ദൂരവ്യാപക മാറ്റങ്ങൾ സൃഷ്ടിക്കാവുന്ന ഈ കൂടിച്ചേരൽ നടന്നത്.

ഇരു പാർട്ടികളും ഒന്നുചേർന്ന് എതിർക്കുന്നതാകട്ടെ 2017ൽ മാത്രം ജന്മമെടുത്ത ബിടിപി എന്നറിയപ്പെടുന്ന ഭാരതീയ ട്രൈബൽ പാർട്ടിയെ. ഡൂംഗർപൂർ ജില്ലാ പരിഷത്തിലെ 27ൽ 13 സീറ്റുകള്‍ നേടിയ ബിടിപി ആറു സീറ്റുകൾ നേടിയ കോൺഗ്രസ് തങ്ങളെ പിന്തുണയ്ക്കുമെന്നു കരുതിയതു സ്വാഭാവികം.

എന്നാൽ ജില്ലാ പ്രധാൻ തിരഞ്ഞെടുപ്പിൽ ബിടിപിയുടെ പാർവതി ഡോഡയ്ക്കെതിരെ മൽസരിച്ച ബിജെപിയുടെ സൂര്യ അഹാരയ്ക്കാണ് കോൺഗ്രസ് വോട്ടു ചെയ്തത്. ബിജെപി എട്ടു സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസിന്റെ ഈ ചതിയിൽ ഞെട്ടിയിരിക്കുകയാണു ബിടിപി. സംസ്ഥാനത്തു കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ഇവർ മേലിൽ കോൺഗ്രസുമായി ബന്ധത്തിനില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Top