കർണ്ണാടകയിൽ ‘കേരള സ്റ്റോറിയും’ വിധി നിർണ്ണയിക്കും, അവസാനലാപ്പിൽ ബി.ജെ.പിയും കോൺഗ്രസ്സും ഒപ്പത്തിനൊപ്പം

രിത്രത്തിൽ ആദ്യമായി കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളവും പ്രധാന പ്രചരണായുധമായ ഒരു തിരത്തെടുപ്പാണ് ഇത്തവണ നടക്കുന്നത്. പ്രചരണത്തിന്റെ തുടക്കം മുതൽ കോൺഗ്രസ്സിനു ആധിപത്യമുണ്ടായിരുന്ന സംസ്ഥാനത്ത് പ്രചരണം സമാപിക്കുമ്പോൾ ബി.ജെ.പിയും കോൺഗ്രസ്സും ഒപ്പത്തിനൊപ്പമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് റോഡ് ഷോയുമായി രംഗത്തു വന്നതും കോൺഗ്രസ്സിന്റെ ബജ്റംഗ്ദൾ നിരരോധന പ്രഖ്യാപനവുമാണ് ബി.ജെ.പിക്ക് അവസാനനിമിഷം ഉണർവേകിയിരിക്കുന്നത്. കേരളസ്റ്റോറി എന്ന വിവാദ സിനിമയും കർണ്ണാടകയിൽ കോൺഗ്രസ്സിനെതിരെയാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. ഈ സിനിമക്കെതിരെ കോൺഗ്രസ്സ് രംഗത്ത് വന്നതാണ് ബി.ജെ.പി പ്രചരണായുധമാക്കുന്നത്.

മത തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടിന്റെ ഭാഗമായാണ് ഇത്തരം നിലപാട് കോൺഗ്രസ്സ് സ്വീകരിച്ചതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. തെരുവുകളിൽ മുതൽ നഗരങ്ങളിൽ വരെ ഈ വിവാദ വിഷയങ്ങൾ ചർച്ചയാക്കാൻ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കേരള സ്റ്റോറിയും ബജറംഗ് ദൾ വിഷയവും ആദ്യമായി പ്രചരണായുധമാക്കി മാറ്റിയിരിക്കുന്നത്. ഇത് പിന്നീട് സകല സംഘപരിവാർ നേതാക്കളും ഏറ്റുപിടിക്കുകയാണ് ഉണ്ടായത്. പ്രചരണ രംഗത്ത് പിടിച്ചു കയറാൻ ഈ രണ്ട് വിവാദ വിഷയങ്ങളും ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. അന്തിമ ഫലം എന്തെന്നത് മെയ് 13ന് വരുമ്പോഴാണ് വ്യക്തമാക്കപ്പെടുക.

കർണ്ണാടകയിൽ ഇത്തവണ ബി.ജെ.പി ഭരണം പിടിച്ചാൽ അതിന്റെ പൂർണ്ണ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമായിരിക്കും. കാരണം ബസവരാജ ബൊമൈ സർക്കാറിനെതിരെ ശക്തമായ ജനവികാരമാണ് കർണ്ണാടകയിൽ തുടക്കത്തിൽ ഉണ്ടായിരുന്നത്. കോൺഗ്രസ്സ് എളുപ്പത്തിൽ വിജയിക്കുമെന്ന ഈ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒപ്പത്തിനൊപ്പമുള്ള മത്സരത്തിലേക്ക് ബി.ജെ.പിയെ കൊണ്ടു വന്നത് മോദിയാണ്. അവസാനലാപ്പിൽ മോദി കളം നിറഞ്ഞു കളിച്ചപ്പോൾ അണിയറയിൽ തന്ത്രങ്ങൾ ഒരുക്കി അമിത് ഷായും സജീവമായിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും രംഗത്തിറക്കിയാണ് പ്രചരണത്തിൽ മേൽക്കോയ്മ സൃഷ്ടിക്കാൻ അവസാന ദിവസം അമിത് ഷാ ശ്രമിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനം കൈവിട്ടാൽ അത് ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് നാണക്കേടാകും. ഹിമാചൽ പ്രദേശിനു പുറമെ കർണ്ണാടക കൂടി തിരിച്ചു പിടിച്ചാൽ അത് കോൺഗ്രസ്സിനു പുതുജീവൻ നൽകാൻ ഇടയാക്കുമെന്ന ഭയവും ബി.ജെ.പിക്കുണ്ട്. അതു കൊണ്ടു തന്നെ ഭൂരിപക്ഷം കിട്ടിയാലും ഇല്ലങ്കിലും കർണ്ണാടകയിൽ സർക്കാർ ഉണ്ടാക്കാൻ പഠിച്ച പണി പതിനെട്ടും ബി.ജെ.പി പയറ്റും. സർക്കാറുണ്ടാക്കാൻ ആവശ്യമെങ്കിൽ മൈസൂർ മേഖലയിൽ ശക്തരായ ജെ.ഡി.എസിനെ ഒപ്പം കൂട്ടാനുള്ള തന്ത്രവും ബി.ജെ.പി അണിയറയിൽ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലും കേന്ദ്ര മന്ത്രിസഭയിലും പരിഗണന നൽകിയാൽ ജെ.ഡി.എസ്, എൻ.ഡി.എ മുന്നണിയിൽ ചേരാനുള സാധ്യത തള്ളിക്കളയാൻ കഴിയുകയില്ല.

ജെ.ഡി.എസ് നിർണ്ണായക ശക്തിയായാൽ ഒപ്പം കൂട്ടാൻ കോൺഗ്രസ്സും തന്ത്രങ്ങൾ ആലോചിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ജെ.ഡി.എസ് – കോൺഗ്രസ്സ് സർക്കാറിലെ അനുഭവം ഓർമ്മയുള്ളതിനാൽ ജെ.ഡി.എസിലെയും കോൺഗ്രസ്സിലെയും പ്രബല വിഭാഗങ്ങൾ ഇത്തരമൊരു സഖ്യത്തിനു എതിരാണ്. ബി.ജെ.പിക്ക് തങ്ങളുടെ എം.എൽ എമാരെ പിളർത്തി സർക്കാറുണ്ടാക്കാൻ അവസരമൊരുക്കിയതിന് ഇരു പാർട്ടികളും ഇപ്പോഴും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്. ജെ.ഡി.എസിനു വേണ്ടി മുൻ പ്രധാനമന്ത്രി ദേവഗൗഡ തന്നെ പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. എച്ച്.ഡി കുമാര സ്വാമിയാണ് ജെ.ഡി.എസിന്റെ പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മോദി തേരോട്ടം നടത്തിയ മണ്ണിൽ അവസാന നിമിഷം സോണിയ ഗാന്ധിയെയും അവരുടെ രണ്ടു മക്കളെയും രംഗത്തിറക്കിയാണ് കോൺഗ്രസ്സ് പിടിച്ചു നിൽക്കാൻ ശ്രമിച്ചിരിക്കുന്നത്. ലിംഗായത്തിലെ ഒരു വിഭാഗത്തിന്റെ പരസ്യ പിന്തുണയും ന്യൂനപക്ഷ വോട്ട് കേന്ദ്രീകരണമുണ്ടാകുമെന്ന പ്രതീക്ഷയുമാണ് കോൺഗ്രസ്സിനെ നയിക്കുന്നത്. ഇത്തവണ കർണ്ണാടക ഭരണം പിടിക്കാൻ കഴിഞ്ഞില്ലങ്കിൽ ഇനിയൊരിക്കലും അതിനു കഴിയില്ലന്ന ഭീതിയും കോൺഗ്രസ്സ് നേതൃത്വത്തിനുണ്ട്. മാത്രമല്ല പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള കർണ്ണാടക കൈവിട്ടാൽ അത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലുകാർജ്ജുൻ ഖാര്‍ഗെയ്ക്കും പണിയാകും. അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കർണ്ണാടകയിൽ കോൺഗ്രസ്സ് ജയിച്ചാലും തോറ്റാലും ഖാർഗെയ്ക്കു വലിയ ഉത്തരവാദിത്വമുണ്ടാകും.

രാഹുൽ ഗാന്ധി ഭാരത് ജോഡോ നടത്തിയതു കൊണ്ടുളള ഗുണം എന്താണെന്നതു കൂടിയാണ് കർണ്ണാടക പറയാൻ പോകുന്നത്. പുറത്തു വന്ന സർവേകളിൽ ജനകീയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിദ്ധരാമയ്യയാണ്. ഈ സാഹചര്യത്തിൽ അധികാരം ലഭിച്ചാൽ സിദ്ധരാമയ്യയെ തഴഞ്ഞ് ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാന്റ് ശ്രമിച്ചാൽ അത് കർണ്ണാടക കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിക്കു തന്നെ വഴി ഒരുക്കും.

ഇത്തരമൊരു സാധ്യതയും ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. കേവല ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ ജെ.ഡി.എസിനെ ഒപ്പം കൂട്ടാൻ മാത്രമല്ല കോൺഗ്രസ്സ് ജനപ്രതിനിധികളെ പിളർത്താൻ വരെ ആ പാർട്ടി തയ്യാറാകും. ബി.ജെ.പിയെ സംബന്ധിച്ച് മാർഗ്ഗമല്ല ലക്ഷ്യം തന്നെയാണ് പ്രധാനം. അതിനായി ഏത് മാർഗ്ഗവും സ്വീകരിക്കാൻ കാവിപ്പട രംഗത്തിറങ്ങിയാൽ പ്രതിപക്ഷ പാർട്ടികൾ ഭയക്കുക തന്നെ വേണം. വർത്തമാനകാല ഇന്ത്യ നൽകുന്ന മുന്നറിയിപ്പും അതു തന്നെയാണ് . . . .

EXPRESS KERALA VIEW

Top