BJP ‘ally’ Shiv Sena criticises Modi government on multiple issues

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ കടുത്ത വിമര്‍ശനവുമായി സഖ്യകകക്ഷിയായ ശിവസേന രംഗത്ത്.

പണപ്പെരുപ്പം, അതിര്‍ത്തി കടന്നുള്ള തീവ്രവാദം നിയന്ത്രിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നെന്ന് ശിവസേന കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികളൊന്നും തന്നെ അവര്‍ക്കിടയില്‍ എത്തിയില്ലെന്നും മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തില്‍ സേന പറഞ്ഞു.

മോദിയുടെ അടിക്കടിയുള്ള വിദേശ യാത്രകളേയും ശിവസേന രൂക്ഷമായി വിമര്‍ശിച്ചു. തന്റെ വീട് ഇന്ത്യയ്ക്ക് അകത്താണോ പുറത്താണോ സ്ഥിതി ചെയ്യുന്നത് എന്ന് പ്രധാനമന്ത്രി ആദ്യം തീരുമാനിക്കണമെന്നായിരുന്നു മോദിയുടെ വിദേശയാത്ര സംബന്ധിച്ച് സേനയുടെ പരിഹാസം.

രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാരിനു നേരെ വലിയ അഴിമതി ആരോപണമൊന്നും ഉണ്ടായില്ല. എന്നാല്‍, പണപ്പെരുപ്പം നിയന്ത്രിക്കാനോ, വിലക്കയറ്റം പിടിച്ചു നിറുത്താനോ, കാര്‍ഷിക മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനോ സര്‍ക്കാരിനായില്ല.

ഒന്നിനു പുറകെ ഒന്നായി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, അതേക്കുറിച്ച് അറിഞ്ഞ ജനങ്ങള്‍ വളരെ ചുരുക്കമാണ്.മുന്‍ യു.പി.എ സര്‍ക്കാര്‍ ഇതേപദ്ധതികള്‍ നടപ്പാക്കിയതാണെങ്കിലും അവ അഴിമതിയുടെ നിഴലില്‍പെട്ടു സേന പറയുന്നു.

അധികാരത്തിലേറി നൂറു ദിവസത്തിനകം ഇന്ത്യാക്കാരുടെ വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്.

തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്. എന്നാല്‍, അത് ഇപ്പോഴും പാലിക്കപ്പെട്ടില്ലെന്നും ശിവസേന ചൂണ്ടിക്കാട്ടി.

അതിര്‍ത്തി കടന്നുള്ള ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം തെറ്റായിരുന്നു. രാജ്യത്തിന് വേണ്ടി ജവാന്മാര്‍ അതിര്‍ത്തിയില്‍ പൊരുതുകയും ജീവന്‍ കളയുകയും ചെയ്യുമ്പോഴാണ് ഇന്ത്യ ചര്‍ച്ച നടത്തുന്നത്.

Top