മലക്കം മറിഞ്ഞ് ബിജെപി സഖ്യകക്ഷി; എജിപിയും സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന നിലപാടില്‍ മലക്കം മറിഞ്ഞ് അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് (എജിപി). അസം ഗണ പരിഷത്ത് ദേശീയ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്.

ശനിയാഴ്ച ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആദ്യം നിയമത്തെ അനുകൂലിച്ച സംഘടന ഇപ്പോള്‍ നിയമത്തിനെതിരായ നിലപാടാണു സ്വീകരിക്കുന്നത്.

ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും നേരില്‍കണ്ട് ചര്‍ച്ച നടത്താനും എജിപി തീരുമാനിച്ചിട്ടുണ്ട്.

അസമില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരിലെ സഖ്യകക്ഷിയാണ് എജിപി. അവര്‍ക്ക് മൂന്ന് മന്ത്രിമാരുണ്ട്.പാര്‍ലമെന്റിലടക്കം പൗരത്വ നിയമ ഭേദഗതിയെ എജിപി അനുകൂലിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍നിന്നു നേതാക്കള്‍ രാജിവച്ചു പ്രതിഷേധം ആരംഭിച്ചതോടെ നിലപാടു മാറ്റി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു പുതിയ നിയമത്തിനെതിരായ അസം ജനതയുടെ വികാരം മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നാരോപിച്ച് നിരവധി നേതാക്കള്‍ പിന്നീട് പാര്‍ട്ടി വിട്ടു. ഇതേത്തുടര്‍ന്നാണ് നിലപാട് മാറ്റമെന്നാണ് സൂചന.

Top