ബിജെപിയുടെ രഥയാത്രയ്ക്ക് ബംഗാളില്‍ പച്ചക്കൊടി, ക്രമസമാധാനം സര്‍ക്കാരിന്റെ ചുമതല

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി. മമതാസര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

രഥയാത്ര കടന്നു പോകുന്ന വഴികളിലെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്നാണ് മമതാ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ക്രമസമാധാനം തകര്‍പ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് കോടതി നിരീക്ഷിച്ചു.

രഥയാത്രയ്ക്ക് അനുമതി ലഭിച്ചില്ലെങ്കില്‍ പകരം പദയാത്ര നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. ഡിസംബര്‍ ഏഴിന് കൂച്ച് ബഹാര്‍ ജില്ലയില്‍ നിന്നാണ് രഥയാത്ര ആരംഭിക്കേണ്ടിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്ന് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ക്രമസമാധാനം തകരുമെന്നതിനാല്‍ മമത സര്‍ക്കാര്‍ ചുവപ്പ് കൊടി കാണിക്കുകയായിരുന്നു.

Top