BJP aimed to alliance with Mamta and jayalalitha

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജയലളിതയെയും മമത ബാനര്‍ജിയെയും എന്‍ഡിഎയിലെടുക്കാന്‍ ബിജെപിയുടെ നീക്കം.

കേന്ദ്ര മന്ത്രിസഭയില്‍ ഉചിതമായ പദവികള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്, എഐഎഡിഎംകെ പ്രതിനിധികള്‍ക്ക് നല്‍കാമെന്നാണ് വാഗ്ദാനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ്-ഗുജറാത്ത്-യുപി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വിശാല ബിജെപി വിരുദ്ധ സഖ്യം രൂപീകൃതമാവുമെന്ന് കണ്ടാണ് ഈ നീക്കം.

പരസ്യ സഖ്യത്തിന് ഏതെങ്കിലും കാരണവശാല്‍ മമതയും ജയലളിതയും താല്‍പര്യ കുറവ് കാണിക്കുകയാണെങ്കില്‍ രഹസ്യധാരണ ഉണ്ടാക്കാനാണ് തീരുമാനം.

ഈ രണ്ട് ‘പെണ്‍പുലി’കളെയും ചൊടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്ന് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് ഏത് സംസ്ഥാനങ്ങളില്‍ അട്ടിമറി നടന്നാലും ബംഗാളിലും തമിഴ്‌നാട്ടിലും മമതയും ജയലളിതയും നയിക്കുന്ന പാര്‍ട്ടികള്‍ തന്നെയാവും ബഹുഭൂരിപക്ഷം ലോക്‌സഭാ സീറ്റുകളിലും വിജയിക്കുകയെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്.

മമതയായാലും ജയലളിതയായാലും മുന്‍പ് ബിജെപിയോട് സഹകരിക്കുകയും വാജ്‌പേയി മന്ത്രി സഭയില്‍ തൃണമൂല്‍,എഐഎഡിഎംകെ മന്ത്രിമാര്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ഇടത്-കോണ്‍ഗ്രസ്സ് വെല്ലുവിളികള്‍ നേരിടാന്‍ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ്സിനെ സഹായിച്ചിരുന്നുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന നേതൃത്വം പരസ്യമായി രംഗത്ത് വന്നിരുന്നു.

ബംഗാളില്‍ 42 എംപിമാരും തമിഴ്‌നാട്ടില്‍ 39 എംപിമാരുമാണ് ഉള്ളത്. ഇതില്‍ ഭൂരിപക്ഷ എംപിമാരുടെ പിന്‍തുണ തൃണമൂല്‍,എഐഎഡിഎംകെ പിന്‍തുണ ഉറപ്പാക്കിയാല്‍ ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി ചുരുങ്ങിയത് 60 എംപിമാരെ കിട്ടുമെന്നാണ് പ്രതീക്ഷ.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് , ഗുജറാത്ത് , യുപി തിരഞ്ഞെടുപ്പുകള്‍ ബിജെപിയെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പഞ്ചാബില്‍ ഭരണം ആംആദ്മി പാര്‍ട്ടി പിടിക്കുമെന്ന പ്രചരണം വളരെ ശക്തമാണ്. കന്നി തിരെഞ്ഞടുപ്പില്‍ തന്നെ നാല് എംപിമാരെയാണ് അവിടെ നിന്ന് കെജ്‌രിവാളിനും സംഘത്തിനും ജയിപ്പിക്കാന്‍ കഴിഞ്ഞത്.

ഗുജറാത്തിലാവട്ടെ പട്ടേല്‍ വിഭാഗത്തിന്റെ പ്രക്ഷോഭവും ദളിത് പ്രക്ഷോഭവും ബിജെപിയെ പ്രതിരോധത്തിലാക്കി കഴിഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദി ബെന്‍ പട്ടേലിനെ മാറ്റിയെങ്കിലും ഗുജറാത്ത് ഭരണം നിലനിര്‍ത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ വലിയ ആശങ്ക ഉയര്‍ന്ന് കഴിഞ്ഞു.

ഇവിടെ കോണ്‍ഗ്രസിനൊപ്പം തന്നെ ആംആദ്മി പാര്‍ട്ടിയും വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

യുപിയില്‍ മായവതിയെ ബിജെപി നേതാവ് അപമാനിച്ചതാണ് ഏറ്റവും വലിയ ഇപ്പോഴത്തെ സെന്‍സേഷന്‍.

ജാതി രാഷ്ട്രീയത്തിന്റെ വിളഭൂമിയായ യുപിയില്‍ ജാതി കാര്‍ഡിറക്കി ഭരണം പിടിക്കാനാണ് മായാവതിയുടെശ്രമം.

ബലാത്സംഗ കേസുള്‍പ്പെടെ ഗുരുതരമായ സംഭവങ്ങള്‍ തുടര്‍ക്കഥയായ യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സര്‍ക്കാരിനെതിരെയുള്ള ജനവികാരം ആര്‍ക്കാണ് ഗുണം ചെയ്യുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വന്‍ നേട്ടം കൊയ്ത ബിജെപിക്ക് മിനി ഇന്ത്യ എന്നറിയപ്പെടുന്ന യുപിയുടെ ഭരണം പിടിക്കുകയല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ പോലും പറ്റുന്നതല്ല.യുപി കൈവിട്ടാല്‍ മോദിയുടെ തുടര്‍ഭരണമെന്ന സ്വപ്നത്തിന് തന്നെ അത് തിരിച്ചടിയാകും

ഉറപ്പില്ലാത്ത ഈ ‘പോരാട്ടങ്ങളുടെ വിധി ‘ എന്ത് തന്നെയായാലും അത് മോദി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിന് തടസമാവില്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണ് മമതയുടെ തട്ടകമായ ബംഗാളിലും ജയലളിതയുടെ തട്ടകമായ തമിഴ്‌നാട്ടിലും ബിജെപി കണ്ണുവയ്ക്കുന്നത്.

Top