ദളപതിയോട് കേന്ദ്ര പ്രതികാരമെന്ന്, പ്രതിഷേധ ചൂടിൽ തിളച്ച് തമിഴകം . . .

രിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം വിജയ് യോടുള്ള പക പോക്കല്‍ അതാണ് സൂചിപ്പിക്കുന്നത്.

കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും വരെ നോട്ടീസ് മുന്‍കൂട്ടി നല്‍കി വിളിപ്പിക്കുന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍, വിജയ് യോട് കാണിച്ചിരിക്കുന്നത് അനീതിയാണ്. ഇത് ആര്‍ക്ക് വേണ്ടിയാണ് എന്നതും ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

തമിഴകത്ത് മാത്രമല്ല, ഈ കേരളത്തില്‍ പോലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ദളപതി വിജയ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും യു.എ.ഇ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബ്രിട്ടന്‍ മുതല്‍ അമേരിക്ക വരെ നീളുന്നതാണ് വിജയ് യുടെ ആരാധക കരുത്ത്. ഇവരെയെല്ലാം ഒറ്റയടിക്ക് കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

സിനിമയില്‍ പോലും കാണാത്ത രംഗങ്ങളാണ് ചിത്രീകരണസ്ഥലത്ത് ഫിബ്രുവരി 5ന് ഉണ്ടായിരിക്കുന്നത്. നെയ്‌വേലിയിലെ ചിത്രീകരണസ്ഥലത്ത് എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി പെട്ടന്ന് തന്നെ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടു പോകുകയാണുണ്ടായത്. ഉറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് രാത്രിയിലും ചോദ്യം ചെയ്തിരിക്കുന്നത്. അസാധാരണമായ നടപടിയാണിത്. കണക്കുകള്‍ സമര്‍പ്പിച്ചതില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതാണ് ആദായ നികുതി വകുപ്പിന്റെ രീതി. മറ്റു സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരോടും ഈ രീതിയാണ് അവര്‍ പിന്‍തുടരുന്നത്. ആനക്കൊമ്പ് കണ്ടെത്തിയിട്ടുപോലും നടന്‍ മോഹന്‍ലാലിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുപോയിട്ടില്ലെന്നതും നാം ഈഘട്ടത്തില്‍ ഓര്‍ക്കണം.

പക്ഷേ ഇവിടെ ക്രിമിനല്‍ കേസിലെ പ്രതിയെന്ന പോലെയാണ് വിജയ് യോട് ഉദ്യോഗസ്ഥര്‍ പെരുമാറിയിരിക്കുന്നത്.

അദ്ദേഹം അഭിനയിച്ച് കൊണ്ടിരുന്ന മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണമാണ് ഇതോടെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതു വഴി നിര്‍മ്മാതാവിനും ഉണ്ടായിരിക്കുന്നത്. ഈ നഷ്ടം ആരാണ് ഇനി തിരിച്ച് നല്‍കുക?

ഒരു നോട്ടീസ് നല്‍കി വിളിപ്പിച്ചാല്‍ തന്നെ വരുമായിരുന്ന താരത്തെ, എന്തിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി എന്ന ചോദ്യത്തിന് യുക്തിപരമായ മറുപടി നല്‍കാന്‍ ഇതുവരെ ഒരു ഉദ്യോഗസ്ഥനും കഴിഞ്ഞിട്ടില്ല.

ആദായ നികുതി വകുപ്പും, എന്‍ഫോഴ്‌സ്‌മെന്റും എന്തൊക്കെ ചാര്‍ജ് ചെയ്താലും അത് വലിയ നിയമ പോരാട്ടത്തിലാണ് കലാശിക്കുക.

രാഷ്ട്രീയ പകപോക്കലാണ് ദളപതിയോട് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സമാനമായ അഭിപ്രായമാണുള്ളത്. സംയമനം പാലിക്കാന്‍ വിജയ് ഫാന്‍സ് അസോസിയേഷനും അണികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ ഒറ്റ നടപടിയോടെ വലിയ ജനരോക്ഷമാണ് ബി.ജെ.പിയിപ്പോള്‍ ഏറ്റുവാങ്ങിയിരിക്കുന്നത്.

രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

കേന്ദ്ര – തമിഴ്‌നാട് സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത താരമാണ് വിജയ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ വിജയ് സിനിമകളിലെല്ലാം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്.

കത്തി,മെര്‍സല്‍ , സര്‍ക്കാര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ ഭരണാധികാരികളെ ചുട്ടുപ്പൊളിച്ച സിനിമകളാണ്.

‘കത്തി’ സിനിമയില്‍ മദ്യരാജാവ് വിജയ് മല്യയെ പിടികൂടാത്ത നടപടിയെയാണ് വിജയ് വിമര്‍ശിച്ചിരുന്നത്.

‘5000 കോടി കടം വാങ്ങിയ ബിയര്‍ ഫാക്ടര്‍ ഉടമയെ പിടികൂടാന്‍ കഴിയാത്തവര്‍ 5000 രൂപ കടം വാങ്ങിയ കര്‍ഷകനെ വേട്ടയാടുന്നതിനെയാണ്’ താരം ചോദ്യം ചെയ്തിരുന്നത്.

superstar Vijay

superstar Vijay

ഒരു വിജയ് സിനിമയിലെ കയ്യടിക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയ സംഭാഷണങ്ങള്‍ മാത്രമായി ഇതിനെ കാണാന്‍ പറ്റില്ല . പ്രതികരിക്കാന്‍ വയ്യാത്ത ഒരു സമൂഹത്തിനു മുന്നില്‍ അവരുടെ സൂപ്പര്‍ ഹീറോയെ മുന്‍ നിര്‍ത്തി അധികാരികള്‍ക്കുള്ള കരണം പൊകച്ചുള്ള അടിയായിട്ടാണു പലരും ഈ രംഗങ്ങളെ വിലയിരുത്തിയിരിക്കുന്നത്.

മെര്‍സല്‍ സിനിമയില്‍ ജി.എസ്.ടിക്ക് എതിരെ താരം ഉയര്‍ത്തിയ വിമര്‍ശനങ്ങളും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സിനിമയില്‍ ജി.എസ്.ടിയും, ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതിനെയെല്ലാം ചിത്രത്തിലെ നായക കഥാപാത്രം ശരിക്കും പൊളിച്ചടുക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ ചിത്രത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരുന്നത്. തമിഴ്നാട്ടിലെ വിവിധ നേതാക്കളുടെ പ്രതികരണത്തിനു പുറമെ കേന്ദ്രമന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണനും മെര്‍സലിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

ചിത്രത്തില്‍ ജി.എസ്.ടിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ പിന്‍വലിക്കണമെന്നാണ് അന്ന് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടിരുന്നത്.

ബി.ജെ.പി ദേശീയ സെക്രട്ടറിയായ എച്ച് രാജ, ജോസഫ് വിജയ് എന്ന് വിളിച്ചാണ് ദളപതിക്കെതിരെ പ്രതികരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കും തമിഴകം സാക്ഷ്യം വഹിച്ചു. വിജയ് ആരാധകര്‍ തെരുവിലിറങ്ങുന്ന സാഹചര്യവും ഉണ്ടായി. വിവാദ ഭാഗം കട്ട് ചെയ്യണമെന്നതായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം തള്ളി വലിയ വിജയമാണ് മെര്‍സല്‍ കരസ്തമാക്കിയിരുന്നത്.

‘സര്‍ക്കാര്‍’ സിനിമയില്‍ ജയലളിതക്കെതിരായ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബഹളമുണ്ടാക്കിയത് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയായിരുന്നു.

ഫ്‌ളക്‌സ് തലയില്‍ വീണ് യുവതി മരിച്ച സംഭവത്തിലും സംസ്ഥാന സര്‍ക്കാറിനെതിരെ അതി രൂക്ഷമായാണ് വിജയ് പ്രതികരിച്ചിരുന്നത്. ‘ബിഗില്‍’ സിനിമയുടെ ഓഡിയോ റിലീസിനോട് അനുബന്ധിച്ച ചടങ്ങിലായിരുന്നു ഈ വിമര്‍ശനം.

‘ഫ്‌ളക്‌സ് പ്രിന്റ് ചെയ്തവനും, ലോറി ഡ്രൈവറും മാത്രമാണ് പിടിയിലായതെന്നും ആദ്യം ജയിലിലാക്കേണ്ടവര്‍ പുറത്ത് വിലസുകയാണെന്നുമായിരുന്നു’ വിജയ് തുറന്നടിച്ചിരുന്നത്.

ഭരണപക്ഷ നേതാവിന്റെ മകന്റെ വിവാഹത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് വീണാണ് 22 കാരി മരണപ്പെട്ടിരുന്നത്.തമിഴകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്.

vijay fan

vijay fan

വിജയ്, സിനിമയില്‍ മാത്രമല്ല, ജീവിതത്തില്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കും വലിയ എഫക്ടാണ് തമിഴകത്തുള്ളത്. ഇതു തന്നെയാണ് ഭരണപക്ഷത്തെയും വിളറി പിടിപ്പിച്ചിരിക്കുന്നത്.

പരസ്പരം യോജിച്ച് പോകുന്നവരാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാറും, തമിഴകത്തെ അണ്ണാ ഡി.എം.കെ സര്‍ക്കാറും. ഇവരുടെ രണ്ട് പേരുടെയും കണ്ണിലെ കരടാണ് കുറച്ച് വര്‍ഷങ്ങളായി ദളപതി വിജയ്.

ഒരു പകപോക്കല്‍ ദളപതിക്കെതിരെ ഉണ്ടാകുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചുള്ള ഇപ്പോഴത്തെ നടപടി അവര്‍ക്കും തികച്ചും അപ്രതീക്ഷിതം തന്നെയാണ്.

തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് സംരക്ഷണവും അല്ലാത്തവര്‍ക്കെതിരെ നടപടിയുമെന്ന, അപകടകരമായ രാഷ്ട്രീയമാണ് കേന്ദ്രമിപ്പോള്‍ പയറ്റുന്നത്.

പൗരത്വ നിയമ ഭേദഗതിയെ രജനീകാന്ത് ന്യായീകരിച്ച ദിവസം തന്നെയാണ് വിജയ് ക്കെതിരായ നീക്കവും ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് രജനീകാന്തിനെതിരെയുള്ള രണ്ട് ആദായ നികുതി കേസുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അവസാനിപ്പിച്ചിരുന്നത്.

പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച താരങ്ങള്‍ക്ക് കേരളത്തിലെ ബി.ജെ.പി നേതാവ് നല്‍കിയ മുന്നറിയിപ്പും ഈ ഘട്ടത്തില്‍ നാം ചേര്‍ത്ത് വായിക്കേണ്ടതാണ്. ആദായ നികുതി വകുപ്പ് റിട്ടേണ്‍സ് ഉയര്‍ത്തി തന്നെയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

സിനിമയില്‍ പോലും ഒരു വിമര്‍ശനം കേള്‍ക്കാന്‍ പറ്റാത്ത മാനസികാവസ്ഥ ബിജെപി നേതാക്കള്‍ക്കുള്ളത് ഏറെ ഭയപ്പെടുത്തുന്നതാണ്.

നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം, വിജയ് യെ പോലുള്ള ഒരു താരത്തെ നേരിട്ട് വന്ന് കൊണ്ടു പോകുക എന്നത്, ഒരിക്കലും ശരിയായ നടപടിയല്ല. 2015ല്‍ വിജയ് യുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് ഒടുവില്‍ അദ്ദേഹത്തിന് തങ്ങള്‍ തന്നെ ക്ലീന്‍ ചിറ്റ് നല്‍കിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചിലവഴിക്കുന്ന താരം കൂടിയാണ് ദളപതി വിജയ്. തമിഴകം മാത്രമല്ല കേരളവും നിരവധി തവണ ആ സേവനം കണ്ടതുമാണ്.

ഭരണകൂടങ്ങളുടെ പകപോക്കല്‍ ഉപകരണമായി ഒരിക്കലും ഒരു ഉദ്യോഗസ്ഥനും മാറിക്കൂടാ. ജനാധിപത്യ രാജ്യത്ത് വലിയ പ്രത്യാഘാതമാണ് അത്തരം നടപടികള്‍ വരുത്തി വയ്ക്കുക.

ഏത് താരത്തിന്റെയും പ്രതിഫല കണക്കുകള്‍ ആദായ നികുതി വകുപ്പിന് പരിശോധിക്കാം, പരിശോധിക്കുക തന്നെ വേണം. പക്ഷേ അക്കാര്യത്തില്‍ പക്ഷപാതവും പ്രതികാര നടപടിയും പാടില്ല. എന്നാല്‍ വിജയ് യുടെ കാര്യത്തിലിപ്പോള്‍ കാണുന്നത് പ്രത്യേക താല്‍പ്പര്യം തന്നെയാണ്. അതുകൊണ്ട് തന്നെ, ആദായ നികുതി വകുപ്പിന്റെ വാദങ്ങളെ അപ്പടി വിഴുങ്ങാനും കഴിയുകയില്ല. നടപടിക്ക് പിന്നിലെ അണിയറ കഥകള്‍ മുഴുവന്‍ പുറത്ത് വരിക തന്നെ വേണം. നിയമ നടപടിയിലൂടെ വിജയ് അതിന് തയ്യാറാകുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശമില്ലാതെ ഇത്തരമൊരു സാഹസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കില്ലന്നതും പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനി മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

Express View

Top