വീരമൃത്യു വരിച്ച സേനാംഗങ്ങളെ അപഹസിച്ചും അപമാനിച്ചും പോസ്റ്റുകള്‍; സിപിഎമ്മിനെതിരെ ബിജെപി

തിരുവനന്തപുരം: കൂനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ഉള്‍പ്പെടെയുള്ളവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപമാനിച്ചതായി ബിജെപി. ബിജെപി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, രാജ്യവര്‍ധന്‍ സിംഗ് റാഥോഡ് എന്നിവര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. അപകടത്തില്‍ വീരമൃത്യു വരിച്ച സേനാംഗങ്ങളെ കുറിച്ച് സിപിഐഎം ഗ്രൂപ്പുകളില്‍ മോശം പ്രചാരണം നടന്നെന്നും, ദേശസുരക്ഷയെ ബാധിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

അതേസമയം, കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടം ഉണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ലെന്നും ഏറ്റവും ആദ്യം എത്താവുന്നത് അദ്ദേഹത്തിനായിരുന്നുവെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയവര്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലാ നിയമനം സംബന്ധിച്ച വിവാദത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറെ അപമാനിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Top