ഓഫീസില്‍ എത്താതെ ശമ്പളം കൈപ്പറ്റുന്നു ; സിദ്ദുവിനെതിരെ പരാതിയുമായി ബിജെപി നേതാവ്

ഛണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് മന്ത്രിയായ നവജ്യോത് സിങ് സിദ്ദുവിനെതിരെ ആരോപണവുമായി ബിജെപി. സിദ്ദു ഒരു മാസമായി ഓഫിസില്‍ എത്താതെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപറ്റുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഇതു സംബന്ധിച്ച് ബിജെപി ഗവര്‍ണര്‍ വി.പി. സിങ് ബഡ്‌നോറിനു കത്തു നല്‍കി.

മന്ത്രി പദവിയിലിരിക്കുന്ന സിദ്ദു ഓഫിസില്‍ എത്താത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കടുത്ത ശത്രുതയിലായ സിദ്ദുവിനെ ചില വകുപ്പുകളില്‍നിന്ന് ഒഴിവാക്കിയിരുന്നു.

സിദ്ദുവിന് മന്ത്രി സ്ഥാനം ആവശ്യമില്ലെങ്കില്‍ മറ്റാരെയെങ്കിലും വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണം. പണിയെടുക്കാതെ ശമ്പളം വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും തരുണ്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്തു നടപടി സ്വീകരിക്കണമെന്നു ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നും തരുണ്‍ പറഞ്ഞു.

Top