അധികാരത്തില്‍ വീണ്ടും ബിജെപി തന്നെ ! പഞ്ചാബ് പിടിക്കാന്‍ എഎപി,കോണ്‍ഗ്രസ് വീഴും?

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പുര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബിജെപി തന്നെ അധികാരത്തില്‍ എത്തുമെന്ന് സര്‍വേ ഫലം. പഞ്ചാബില്‍ തൂക്കുസഭയ്ക്കാണു സാധ്യതയെന്നും ഇവിടെ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്നും എബിപി-സി വോട്ടര്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു.ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും കനത്ത വെല്ലുവിളിയായി എഎപി ഉണ്ടാകും. മൂന്നാം ശക്തിയായി ഉയര്‍ന്നുവരാനും സാധ്യതയുണ്ട്. പഞ്ചാബിലെ അധികാര തര്‍ക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും മണിപ്പുരില്‍ വലിയ നേട്ടമുണ്ടാക്കില്ലെന്നും ഒന്നാംഘട്ട സര്‍വേഫലം സൂചിപ്പിക്കുന്നു.

ഉത്തര്‍പ്രദേശില്‍, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 41.3 ശതമാനവും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് 32 ശതമാനം വോട്ടു ലഭിക്കും. ബഹുജന്‍ സമാജ് പാര്‍ട്ടി 15%, കോണ്‍ഗ്രസ് 6%, മറ്റുള്ളവ 6% എന്നിങ്ങനെയാണ് വോട്ടുനിലയെന്ന് സര്‍വേ പറയുന്നു. 2017ല്‍ 41.4 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. ഇത്തവണയും അതേ പ്രകടനം കാഴ്ചവയ്ക്കാനാകും. സര്‍വേ പ്രകാരം, ബിജെപിക്ക് 241 മുതല്‍ 249 സീറ്റ് വരെ ലഭിക്കും. സമാജ്വാദി പാര്‍ട്ടിക്ക് 130-138 സീറ്റ്, മായാവതിയുടെ ബിഎസ്പിക്ക് 15-17, കോണ്‍ഗ്രസിന് 3-7 സീറ്റുകള്‍ പ്രതീക്ഷിക്കാമെന്നാണു പ്രവചനം. കഴിഞ്ഞ മാസമാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. ലഖിംപുര്‍ ഖേരി സംഭവം ആളിക്കത്തുന്നതിനാല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്.

പഞ്ചാബില്‍, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമായിരിക്കുമെന്നു സര്‍വേ പറയുന്നു. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 49 മുതല്‍ 55 വരെ സീറ്റുകള്‍ (36%) നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എഎപി മാറും. എഎപിക്ക് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനാണ് സ്ഥാനം. 30 മുതല്‍ 47 സീറ്റുകള്‍ വരെ നേടാം. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കാമെന്നും സര്‍വേ പറയുന്നു. അകാലി ദളിന് 22 ശതമാനവും മറ്റുള്ളവയ്ക്ക് 6 ശതമാനം വോട്ടു ലഭിക്കാനാണ് സാധ്യത.

ഗോവയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. 40 അംഗ നിയമസഭയില്‍ ബിജെപിക്ക് 24 മുതല്‍ 28 വരെ സീറ്റുകളും കോണ്‍ഗ്രസിന് 1 മുതല്‍ 5 വരെയും ആം ആദ്മി പാര്‍ട്ടിക്ക് 3 മുതല്‍ 7 വരെയും മറ്റുള്ളവര്‍ക്ക് 4 മുതല്‍ 8 സീറ്റുകളും ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനായില്ല.

മണിപ്പുരില്‍, ബിജെപിക്ക് 21 മുതല്‍ 25 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 18 മുതല്‍ 22 വരെ സീറ്റുകളും പ്രാദേശിക പാര്‍ട്ടിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടിന് (എന്‍പിഎഫ്) 4 മുതല്‍ 8 വരെയും മറ്റുള്ളവര്‍ക്ക് 1 മുതല്‍ 5 വരെയും സീറ്റ് ലഭിച്ചേക്കാം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 31 സീറ്റുകളാണ് വേണ്ടത്. ബിജെപിക്ക് 36 ശതമാനം വോട്ടും കോണ്‍ഗ്രസിന് 34 ശതമാനവും എന്‍പിഎഫിന് 9 ശതമാനവും മറ്റുള്ളവര്‍ക്ക് 21 ശതമാനവും വോട്ട് ലഭിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

ഉത്തരാഖണ്ഡിന്റെ കാര്യമെടുത്താല്‍, ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. 70 അംഗ നിയമസഭയില്‍ ബിജെപിക്ക് 45 ശതമാനവും (42-46 സീറ്റ്), കോണ്‍ഗ്രസിന് 34 ശതമാനം (21-25 സീറ്റ്) വോട്ടും ലഭിക്കും. ആംആദ്മിക്ക് 0-4 സീറ്റും മറ്റുള്ളവ 0-2 വരെയും നേടാം.

Top