BJP advance in Kerala Assembly election;Kummanam proud this achievement

തിരുവനന്തപുരം: സംസ്ഥാനത്ത് അക്കൗണ്ട് തുറന്നാലും ഇല്ലെങ്കിലും ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് ശതമാനം ലഭിക്കുന്ന തിരഞ്ഞെടുപ്പായി പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ് വിധി മാറും.

അക്കൗണ്ട് തുറക്കാന്‍ സാധ്യത വളരെ കൂടുതലാണെന്ന് എതിരാളികള്‍ പോലും രഹസ്യമായി സമ്മതിക്കുന്നതും ബിജെപി പ്രവര്‍ത്തകരുടെ ആവേശം വര്‍ദ്ധിപ്പിക്കുന്നതാണ്.

മുന്‍കാലങ്ങളില്‍ വോട്ട് കച്ചവട ആരോപണം നേരിടേണ്ടി വന്ന ബിജെപിക്ക് ഇത്തവണ അത്തരമൊരു ആക്ഷേപത്തിന് ഇട നല്‍കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ ബിജെപി പ്രസിഡന്റായിരിക്കുമ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ ചരിത്രമുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായതില്‍ കുമ്മനവും ആഹ്ലാദത്തിലാണ്. വട്ടിയൂര്‍കാവില്‍ അദ്ദേഹത്തെ വിജയിപ്പിച്ച് ഇരട്ടി മധുരം നല്‍കാനുള്ള ഓട്ടത്തിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍.

ബിജെപിയിലെ രൂക്ഷമായ ചേരിതിരിവിനിടയിലാണ് ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് സന്യാസി സമമായ ജീവിതം നയിക്കുന്ന കുമ്മനത്തെ പുതിയ പ്രസിഡന്റായി അവരോധിച്ചിരുന്നത്.

വിജയതീരത്തിനടുത്തു നില്‍ക്കുന്നുവെന്ന ബിജെപി നേതൃത്വം വിലയിരുത്തുന്ന നേമം,കഴക്കൂട്ടം,തിരുവനന്തപുരം,മഞ്ചേശ്വരം,ചെങ്ങന്നൂര്‍,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലും സര്‍വ്വ ശക്തിമെടുത്ത് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി.

ചുരുങ്ങിയത് 15 മണ്ഡലങ്ങളില്‍ രണ്ടാമതെത്താന്‍ കഴിയുമെന്നും 60 ഓളം മണ്ഡലങ്ങളില്‍ മുന്നണികളുടെ വിജയ-പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ബിജെപി പിടിക്കുന്ന വോട്ടുകളായിരിക്കുമെന്നുമാണ് കണക്ക്കൂട്ടല്‍.

ബിഡിജെഎസ് മുന്നണിയിലുള്ളത് ഈഴവ വോട്ടുകളെ സ്വാധീനിക്കുന്ന ഘടകമായി നേതൃത്വം കാണുന്നുണ്ടെങ്കിലും പരമ്പരാഗതമായി ലഭിക്കുന്ന മുന്നോക്ക വോട്ടുകള്‍ ചോരാതെ നോക്കണമെന്ന കര്‍ക്കശ നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

എന്‍എസ്എസ് നേതൃത്വവുമായി ബന്ധമുള്ള നേതാക്കളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറക്കുകയും ത്രിശങ്കു മന്ത്രിസഭ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

അത്തരമൊരു സാഹചര്യത്തില്‍ മുന്നണികളില്‍ നിന്ന് കൂട് മാറി ബിജെപി ‘ഭീഷണി’ അതിജീവിക്കാന്‍ ഘടകകക്ഷികള്‍ തന്നെ നീക്കം നടത്തുമെന്ന് ഉറപ്പാണെങ്കിലും ദേശീയതലത്തില്‍ അത്തരമൊരു സാഹചര്യം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെ ബിജെപി മുന്നേറ്റം ദേശീയതലത്തില്‍ തന്നെ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന രൂപത്തിലായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രനേതൃത്വം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2000 വും 3000വും വോട്ട് നേടിയ പല മണ്ഡലങ്ങളിലും കാല്‍ ലക്ഷത്തിലധികം വോട്ട് വാങ്ങുന്ന നിലയിലേക്ക് ഇതിനകം തന്നെ പല ബിജെപി സ്ഥാനാര്‍ത്ഥികളും മാറിയിട്ടുണ്ട്.

ബിജെപി പിടിക്കുന്ന വോട്ടുകള്‍ ഏത് മുന്നണിക്കാണ് നേട്ടമുണ്ടാക്കുകയെന്നാണ് ഇനി അറിയാനുള്ളത്.

Top