BJP activist’s brawl with J-K MLA Engineer Rashid ‘takes Lashkar turn’

ശ്രീനഗര്‍: കാശ്മീരിലെ സ്വതന്ത്ര എംഎല്‍എ എഞ്ചിനീയര്‍ റാഷിദ് വീണ്ടും വിവാദത്തില്‍. തനിക്കെതിരെ ശബ്ദിക്കുന്നവരെ പിടിച്ച് ലഷ്‌കര്‍ ഇ തൊയ്ബയെ ഏല്‍പ്പിക്കുമെന്ന എംഎല്‍എയുടെ പ്രതികരണമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

ഒരു സമരത്തിനിടെ ബിജെപി പ്രവര്‍ത്തകനെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന റാഷിദിന്റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തി.

പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, പ്രധാനമന്ത്രിക്കെതിരെ റാഷിദിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടെയാണ് സംഭവം. പുല്‍വാമ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പില്‍ തന്റെ പാര്‍ട്ടിയായ അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു റാഷിദ്.

ഇതിനിടെ റാഷിദിനെ ഒരു ബിജെപി പ്രവര്‍ത്തകന്‍ തീവ്രവാദിയെന്ന് വിളിച്ചപ്പോളായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഇന്ന് രാത്രി തന്നെ നിന്നെ ലഷ്‌കര്‍ തീവ്രവാദികള്‍ക്ക് നല്‍കുമെന്നായിരുന്നു റാഷിദിന്റെ പ്രതികരണം. സംഭവം വിവാദമായതോടെ റാഷിദിനെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

കാശ്മീരിലെ ബീഫ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന് കഴിഞ്ഞ ഒക്ടോബറില്‍ കാശ്മീര്‍ നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ റാഷിദിനെ അക്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

Top