ഡല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി ; കപില്‍ സിബലിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി

kapil-sibal

ന്യൂഡല്‍ഹി : അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ്സ് കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. ന്യൂഡല്‍ഹി നഗരസഭാ പരിധിയില്‍ 89 കോടി രൂപ വിലമതിക്കുന്ന ഭൂമി സിബല്‍ ഒരുലക്ഷം രൂപയ്ക്കു വാങ്ങിയെന്നാണ് ബിജെപിയുടെ ആരോപണം. ഡല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി തുച്ഛവിലയ്ക്കു കപില്‍ സിബല്‍ സ്വന്തമാക്കിയതില്‍ ക്രമക്കേടുണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. നാഷനല്‍ ഹെറാള്‍ഡ് കേസിനു സമാനമായ തട്ടിപ്പാണ് സിബല്‍ നടത്തിയതെന്നും ബിജെപി പറയുന്നു.

സിബലിനും ഭാര്യയ്ക്കും കൂടി 100 ശതമാനം ഓഹരിയുള്ള ഗ്രാന്‍ഡെ കാസിലോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു ഭൂമി വാങ്ങിയത്. ഒരു ലക്ഷം രൂപയാണു കമ്പനിയുടെ ആസ്തി. പീയൂഷ് ഗോയല്‍ എന്ന ബിസിനസുകാരനുമായി ചേര്‍ന്നാണു സിബല്‍ തട്ടിപ്പ് നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തില്‍ സ്വാധീനമുള്ള ഇന്ത്യന്‍ വ്യവസായികളാണു ഗുപ്ത ബ്രദേഴ്‌സ്. 2010 മുതല്‍ പീയൂഷ് ഗോയലും ഗുപ്ത ബ്രദേഴ്‌സും വ്യക്തിപരമായും ബിസിനസ്പരമായും ബന്ധമുണ്ട്. പീയൂഷ് വഴിയാണു ഗുപ്ത ബ്രദേഴ്‌സിനെ സിബല്‍ പരിചയപ്പെടുന്നത്.

2011ല്‍ ഇന്ത്യശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ കപില്‍ സിബല്‍, പീയൂഷ് ഗോയല്‍, ഗുപ്ത ബ്രദേഴ്‌സ് എന്നിവരുടെ കുടുംബങ്ങള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയില്‍ വന്നിരുന്നു. ഗുപ്ത ബ്രദേഴ്‌സ് കമ്പനി ഉദ്യോഗസ്ഥരാണ് അന്ന് ഇവര്‍ക്കെല്ലാം ടിക്കറ്റ് ബുക്ക് ചെയ്തത്.

ഗുപ്ത ബ്രദേഴ്‌സിനായി ദക്ഷിണാഫ്രിക്കയില്‍ പണം ശരിയാക്കുന്നതും പീയൂഷ് നിയന്ത്രിക്കുന്നതുമായ കമ്പനിയാണു വേള്‍ഡ്‌സ് വിന്‍ഡോ ഇംപെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 100 ശതമാനവും വേള്‍ഡ്‌സ് വിന്‍ഡോയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണു ഗ്രാന്‍ഡെ കാസിലോ പ്രൈവറ്റ് ലിമിറ്റഡ്. ഗ്രാന്‍ഡെ കാസിലോയില്‍ 2017 മാര്‍ച്ചിലാണു ഒരു ലക്ഷം രൂപ നല്‍കി കപില്‍ സിബലും ഭാര്യ പ്രൊമില സിബലും 50 ശതമാനം ഓഹരി വീതം വാങ്ങിച്ചത്.

201314 വര്‍ഷത്തില്‍ കമ്പനിക്ക് ഒരു ബിസിനസും ഇല്ലായിരുന്നു. ഈ സമയത്ത് 45.21 കോടിയുടെ ഭൂമി ഡല്‍ഹിയില്‍ വാങ്ങിയതായി രേഖയുണ്ട്. 201415 വര്‍ഷത്തില്‍ കമ്പനി ഈ ഭൂമിയുടെ ‘വിപണി വില’ സര്‍ക്കാര്‍ കണക്കുപ്രകാരം പുനര്‍നിശ്ചയിച്ചു. രേഖകളില്‍ മൂല്യം 89 കോടിയാക്കി ഉയര്‍ത്തി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിവില താഴ്ത്തി നിശ്ചയിക്കുകയും ആദ്യത്തെ വില രേഖപ്പെടുത്തുകയും ചെയ്തു.

ഭൂമിവില താഴ്ത്തിയ സമയത്താണു സിബലും ഭാര്യയും കമ്പനി വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച ഒപിഇന്ത്യ എന്ന വെബ്‌സൈറ്റ് സിബലിനോടു ഇക്കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. സാമ്പത്തിക തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിക്കുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

Top