ഡൽഹി തൂത്ത് വാരാന്‍ ബി.ജെ.പിയ്ക്ക് കളമൊരുക്കി കോൺഗ്രസ്സ് അജണ്ട !

രാജ്യ തലസ്ഥാനം കാവി അണിയുമെന്ന് ഉറപ്പ് വരുത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. മത നിരപേക്ഷ സഖ്യത്തെ അട്ടിമറിച്ച് ഒടുവില്‍ ഷീല ദീക്ഷിദ് എന്ന കോണ്‍ഗ്രസ്സ് നേതാവിന്റെ വാശിയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്.

ഏഴു ലോകസഭ സീറ്റുകള്‍ ഉള്ള ഡല്‍ഹിയില്‍ മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായിട്ടും കോണ്‍ഗ്രസ്സ് മുഖം തിരിക്കുകയായിരുന്നു. ഇതിന് അവര്‍ കാരണമായി പറഞ്ഞത് ഹരിയാനയിലും പഞ്ചാബിലും ധാരണ പറ്റില്ലെന്നതായിരുന്നു. എന്നാല്‍ ഈ ആവശ്യവും ഒടുവില്‍ ആം ആദ്മി പാര്‍ട്ടി അംഗീകരിച്ചിട്ടും കോണ്‍ഗ്രസ്സ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇതോടെ ഡല്‍ഹി കഴിഞ്ഞ തവണത്തെതു പോലെ ബി.ജെ.പി തൂത്ത് വാരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

മോദിയെ പുറത്താക്കാന്‍ എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്ന് വീമ്പിളക്കിയ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ഉദ്യേശ ശുദ്ധിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

sheela-deekshith

ഡല്‍ഹി നിയമസഭയില്‍ ആകെയുള്ള 70 സീറ്റില്‍ 67 സീറ്റുകളിലും തൂത്തുവാരിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം നടത്തുന്നത്. ബിജെപിയെ ഡല്‍ഹിയില്‍ നിന്നും വാഷ് ഔട്ടാക്കാന്‍ ആംആദ്മി പാര്‍ട്ടി- കോണ്‍ഗ്രസ് ധാരണയ്ക്ക് കഴിയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചിരുന്നത് ബിജെപിയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍, കെജരിവാളിന് മുന്നില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിദിന്റെ വാശിയാണ് ഇപ്പോള്‍ സഖ്യം സാധ്യമാകാതെ പോയതിന് പ്രധാന കാരണം. ഈ വാശിക്ക് സോണിയ ഗാന്ധിയും പിന്തുണ നല്‍കി. പഞ്ചാബില്‍ നിന്നും കഴിഞ്ഞ തവണ 4 എം.പിമാരെ ഒറ്റക്ക് മത്സരിച്ച് നേടിയിട്ടുണ്ട് ആം ആദ്മി പാര്‍ട്ടി. അതു പോലെ തന്നെ ഹരിയാനയിലും വലിയ ജനപിന്തുണ ആം ആദ്മി പാര്‍ട്ടിക്കുണ്ട്.

പഞ്ചാബില്‍ 13ഉം, ഹരിയാനയില്‍ 10ഉം ലോകസഭാ സീറ്റുകളുമാണുള്ളത്. ഡല്‍ഹി കൂടി ചേരുമ്പോള്‍ ആകെ 30 സീറ്റാകും. ഇത് മുഴുവന്‍ തൂത്ത് വരാന്‍ ഇവിടങ്ങളില്‍ സഖ്യമുണ്ടായാല്‍ സാധിക്കുമായിരുന്നു. ഈ സുവര്‍ണ്ണാവസരമാണ് കോണ്‍ഗ്രസ്സ് തുലച്ചത്.

Arvind Kejriwal

അഴിമതി പാര്‍ട്ടിയായിട്ടും വര്‍ഗ്ഗീയതയെ തുരത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സുമായി ധാരണക്ക് തയ്യാറായിരുന്നത്. ഹരിയാനയില്‍ ദുഷ്യന്ത് ചൗത്താലയുടെ ജെ.ജെ.പിയുമായും ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ടാക്കിയിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാറിനെ പുറത്താക്കുക എന്നത് കോണ്‍ഗ്രസ്സ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കാര്യമാണോ എന്ന സംശയങ്ങള്‍ ഉയര്‍ത്തുന്ന നടപടിയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

യു.പിയില്‍ ആകെയുള്ള 80 സീറ്റുകളില്‍ 73 ലും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിലൂടെയും മതേതര വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചിരിക്കുന്നത്. ഇവിടെ എസ്.പി ബി.എസ്.പി സഖ്യമാണ് ബി.ജെ.പിയുടെ പ്രധാന എതിരാളി. ഈ സഖ്യത്തിന് കിട്ടേണ്ട വോട്ടുകള്‍ പോലും ഭിന്നിപ്പിക്കാനേ കോണ്‍ഗ്രസ്സിന്റെ നീക്കം വഴിവയ്ക്കൂ.

കാടടച്ച പ്രചരണമാണ് യു.പി യില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ്സിനു വേണ്ടി നടത്തി വരുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ പരമാവധി ശ്രമിച്ചിട്ടും റായ്ബറേലിയിലും അമേഠിയിലും മാത്രമാണ് കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ സാധിച്ചിരുന്നത്. വിജയിച്ചതാകട്ടെ, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാത്രവും.

മോദിയുടെ രണ്ടാം ഊഴം ഉറപ്പിക്കാന്‍ സകല അടവുകളും പയറ്റുന്ന ബി.ജെ.പിക്ക് മുന്നില്‍ പാത സുഗമമാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നടത്തുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് തന്നെ ആരോപണമുയര്‍ന്നു കഴിഞ്ഞു. ഡല്‍ഹിയിലും ഹരിയാനയിലും പഞ്ചാബിലും സാധ്യമാകുമായിരുന്ന ധാരണ പൊളിച്ചതാണ് ഈ ആക്ഷേപത്തിന് പ്രധാന കാരണം.

യു.പിയില്‍ സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നിട്ടും കോണ്‍ഗ്രസ്സ് പാര വച്ചതില്‍ എസ്.പിയും ബി.എസ്.പിയും നല്ല കലിപ്പിലുമാണ്.

അതേസമയം കേരളത്തില്‍ ഇടതുപക്ഷത്തിനാണ് ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് തീരുമാനം പരസ്യമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ചുരുക്കം ചില സീറ്റുകളില്‍ മത്സരിച്ചിട്ട് പോലും രണ്ടര ലക്ഷത്തോളം വോട്ടുകള്‍ കേരളത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു.

സി.പി.എമ്മുമായി ചേര്‍ന്ന് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാപരമായ ഭരണമാണ് നടത്തുന്നതെന്ന് പ്രശംസിക്കാനും കെജ്‌രിവാള്‍ മറന്നില്ല. അവസാന ഘട്ടത്തില്‍ ഇടതിന് കിട്ടിയ ഈ പിന്തുണയും കോണ്‍ഗ്രസ്സിനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

political reporter

Top